ന്യൂഡൽഹി: മുസ്‌ലിം സ്ത്രീകൾക്ക് മുൻ ഭർത്താവിൽ നിന്നും ജീവനാംശം തേടാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി. മുൻ ഭാര്യക്ക് 10,000 രൂപ ജീവനാംശം നൽകാനുള്ള തെലങ്കാന ഹൈകോടതി ഉത്തരവിനെതിരെ ഭർത്താവ് സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
1986-ലെ മുസ്‌ലിം സ്ത്രീ വിവാഹമോചനാവകാശ സംരക്ഷണം നിയമം അനുസരിച്ച് വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് സെക്ഷൻ 125 സി.ആർ.പി.സി പ്രകാരം ആനുകൂല്യം ലഭിക്കാൻ അർഹതയില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാൽ, ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഇത് അംഗീകരിച്ചില്ല. ക്രിമിനൽ നടപടിക്രമത്തിലെ 125-ാം സെക്ഷൻ പ്രകാരം മുസ്‌ലിം സ്ത്രീക്ക് മുൻ ഭർത്താവിൽ നിന്നും ജീവനാംശം തേടാമെന്ന് ബെഞ്ച് വിധിച്ചു.
വിവാഹിതകൾക്കു മാത്രമല്ല, എല്ലാ സ്ത്രീകൾക്കും സി.ആർ.പി.സിയിലെ 125-ാം വകുപ്പ് ബാധകമാകുമെന്ന നിഗമനത്തോടെ അപ്പീൽ തള്ളുകയാണെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.
‘ജീവനാംശം ചാരിറ്റിയല്ല, മറിച്ച് വിവാഹിതരായ എല്ലാ സ്ത്രീകളുടെയും അവകാശമാണ്. ഗൃഹനാഥയായ ഭാര്യ വൈകാരികമായും മറ്റ് ഘടകങ്ങളിലും തങ്ങളെ ആശ്രയിക്കുന്നു എന്ന വസ്തുതയെക്കുറിച്ച് ചില ഭർത്താക്കന്മാർ ഇപ്പോഴും ബോധവാന്മാരല്ല. ഒരു വീട്ടമ്മയുടെ പങ്കും ത്യാഗവും ഇന്ത്യൻ പുരുഷന്മാർ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ – വിധി പ്രസ്താവത്തിന് പിന്നാലെ ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കി.
2017-ൽ മുസ്‌ലിം വ്യക്തിനിയമ പ്രകാരം ദമ്പതികൾ വിവാഹമോചനം നേടിയിരുന്നു. ഇതേത്തുടർന്നാണ് ജീവനാംശം നൽകുന്നത് ഹരജിക്കാരൻ ഹൈക്കോടതിയിൽ ചോദ്യംചെയ്തത്. തുടർന്ന് ജീവനാംശ തുക പ്രതിമാസം 10,000 രൂപയാക്കി മാറ്റുകയും ആറുമാസത്തിനകം കേസ് തീർപ്പാക്കാൻ കുടുംബക്കോടതിയോട് ഹൈക്കോടതി നിർദേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേസ് സുപ്രീം കോടതിയിൽ എത്തിയത്.