ജിദ്ദ – വാഹനാപകടങ്ങള്‍ തടയാന്‍ കാറുകളില്‍ പ്രത്യേകതരം ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളും ബന്ധപ്പെട്ട വകുപ്പുകളും നീക്കം തുടങ്ങി. സൗദിയിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ആധുനിക സാങ്കേതികവിദ്യയിലൂടെ ഗതാഗത സുരക്ഷ വര്‍ധിപ്പിക്കാനും ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് സ്വഭാവ നിലവാരം ഉയര്‍ത്താനുമാണ് ലക്ഷ്യമിടുന്നത്. ഘട്ടംഘട്ടമായി ഇന്‍ഷുറന്‍സ് പോളിസിക്കൊപ്പം കാറുകളില്‍ ഇലക്‌ട്രോണിക് ഉപകരണം സ്ഥാപിക്കല്‍ നിര്‍ബന്ധമാക്കും.
സൗദിയിലെ റോഡുകളിലൂടെ 1.2 കോടിയിലേറെ കാറുകള്‍ സഞ്ചരിക്കുന്നുണ്ട്. ഇതില്‍ ഒരു ഭാഗം ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവയാണ്. അടുത്തിടെ നടപ്പാക്കിയ പുതിയ നിയമങ്ങളുടെ ഫലമായി രാജ്യത്ത് വാഹനാപകടങ്ങളിലെ മരണ നിരക്ക് 30 ശതമാനം തോതില്‍ കുറക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ പശ്ചാതലത്തിലാണ് വാഹനാപകടങ്ങള്‍ തടയാന്‍ ശ്രമിച്ച് കാറുകളില്‍ പ്രത്യേക തരം ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നീക്കം നടത്തുന്നത്.
ഇതുപ്രകാരം ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള കാറുകളില്‍ ഇലക്‌ട്രോണിക് ഉപകരണം സ്ഥാപിക്കും. ഡ്രൈവിംഗ് പെരുമാറ്റങ്ങള്‍, നിയമ, നിര്‍ദേശങ്ങളോടുള്ള ഡ്രൈവര്‍മാരുടെ പ്രതിബദ്ധത, വേഗത, വളവുകള്‍ കൈകാര്യം ചെയ്യല്‍, ബ്രേക്കുകളുടെ ഉപയോഗം, ശരിയായ ഡ്രൈവിംഗ് മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവയെല്ലാം ഇലക്‌ട്രോണിക് ഉപകരണം നിരീക്ഷിക്കുകയും അളക്കുകയും ചെയ്യും. നിയമ, നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇത് ഡ്രൈവര്‍മാരെ പ്രേരിപ്പിക്കുമെന്നും ഇതിലൂടെ വാഹനാപകട നിരക്ക് കുറയുകയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഡ്രൈവറുടെ ഡ്രൈവിംഗ് പെരുമാറ്റത്തിനനുസരിച്ച് വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പോളിസിയില്‍ കമ്പനികള്‍ ഇളവുകള്‍ അനുവദിക്കും. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഇന്‍ഷുറന്‍സ് മേഖലയെയും ഗതാഗത സുരക്ഷാ മേഖലയെയും ശാക്തീകരിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ ചുവടുവെപ്പെന്ന് നജും ഇന്‍ഷുറന്‍സ് സര്‍വീസ് കമ്പനി സി.ഇ.ഒ മുഹമ്മദ് യഹ്‌യ അല്‍ശഹ്‌രി പറഞ്ഞു.