ജിദ്ദ – വ്യത്യസ്ത സ്‌പോര്‍ട്‌സ് മേഖലകളില്‍ പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവെക്കുകയും നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത എട്ടു കായിക താരങ്ങള്‍ക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശാനുസരണം സൗദി പൗരത്വം സമ്മാനിച്ചു. അമേരിക്കക്കാരിയായ ഫുട്‌ബോള്‍ താരം മര്‍യം അല്‍തമീമിയാണ് പൗരത്വം ലഭിച്ച കായിക താരങ്ങളില്‍ ഒരാള്‍. സൗദി ദേശീയ വനിതാ ഫുട്‌ബോള്‍ ടീം അംഗമായ ഇവരെ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2021 ല്‍ കിഴക്കന്‍ പ്രവിശ്യ ലീഗില്‍ ഒന്നാം സ്ഥാനം നേടിയ ശുഅ്‌ല അല്‍ശര്‍ഖിയ ടീമിന്റെ വിജയത്തില്‍ മര്‍യം അല്‍തമീമി വളരെയധികം സംഭാവന നല്‍കി. 2025 വരെ രണ്ടു സീസണുകള്‍ നീണ്ടുനില്‍ക്കുന്ന ഒരു കരാറിലൂടെ അല്‍ഇത്തിഹാദ് ക്ലബ്ബില്‍ അടുത്തിടെ മര്‍യം അല്‍തമീമി ചേര്‍ന്നിരുന്നു.
2019-2022 കാലയളവില്‍ അല്‍റാഇദ്, ദമക് ക്ലബ്ബുകള്‍ക്കു വേണ്ടി ബൂട്ടണിഞ്ഞ ഗോള്‍കീപ്പര്‍ അബ്ദുല്‍ബാസിത് സുലൈമാന്‍ അബ്ദുല്ലക്കും സൗദി പൗരത്വം ലഭിച്ചിട്ടുണ്ട്. അബ്ദുല്‍ബാസിതിന്റെ മികച്ച ശാരീരിക, സാങ്കേതിക ശേഷികള്‍ സൗദി ദേശീയ ടീമുകളില്‍ ഇപ്പോഴും ഭാവിയിലും ഗോള്‍കീപ്പര്‍ സ്ഥാനത്തെ പിന്തുണക്കാന്‍ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ഷോട്ട്പുട്ട് ഗെയിമില്‍ ഉയര്‍ന്നുവരുന്ന അത്‌ലറ്റിക്‌സ് താരമായ മുഹമ്മദ് ബിന്‍ ദാവൂദ് ടോളോയ്ക്കും സൗദി പൗരത്വം സമ്മാനിച്ചിട്ടുണ്ട്. 100 മീറ്റര്‍ ഓട്ടത്തില്‍ 10.03 സെക്കന്റോടെ സൗദിയിലെ ഏറ്റവും മികച്ച റെക്കോര്‍ഡിന് ഉടമയായ അബ്ദുല്ല അബ്കര്‍ മുഹമ്മദിനും പൗരത്വം അനുവദിച്ചിട്ടുണ്ട്. യുവാക്കള്‍ക്കുള്ള 100 മീറ്റര്‍ ഓട്ടത്തില്‍ ഏഷ്യന്‍ റെക്കോര്‍ഡ് ഉടമയായ അബ്ദുല്ല അബ്കര്‍ മുഹമ്മദ് 2016 റിയോ ഡി ജനീറോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഹ്രസ്വ, ദീര്‍ഘദൂര ഓട്ടങ്ങളില്‍ സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്ന മികച്ച അത്‌ലറ്റ് ആണ് അബ്ദുല്ല അക്ബര്‍ മുഹമ്മദ്.
ബ്രിട്ടീഷ് ടെന്നിസ് താരം ഈസ ഷേര്‍ അലിക്കും സൗദി പൗരത്വം അനുവദിച്ചിട്ടുണ്ട്. 2011 മുതല്‍ സൗദിയില്‍ കഴിയുന്ന ഈസ ഷേര്‍ അലി ഏഷ്യന്‍ ടെന്നീസ് ഫെഡറേഷന്‍ അണ്ടര്‍ 14 ചാമ്പ്യന്‍ഷിപ്പ് വിജയിയാണ്. ഫ്രഞ്ച് വനിതാ ടെന്നിസ് താരം മൈസാന്‍ ഹുസൈനും സൗദി പൗരത്വം സമ്മാനിച്ചു. പതിനഞ്ചു വയസ് പ്രായമുള്ള മൈസാന്‍ സൗദി അറേബ്യ, തുനീഷ്യ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ പെണ്‍കുട്ടികള്‍ക്കുള്ള നിരവധി ടെന്നീസ് ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയിച്ചിട്ടുണ്ട്.
ഗോള്‍ഫ് വിഭാഗത്തില്‍, ഷെര്‍ജിയോ മൂസ ആരിഫിന് സൗദി പൗരത്വം നല്‍കി. 100 ലേറെ ജൂനിയര്‍ പുരസ്‌കാരങ്ങള്‍ നേടിയ ഷെര്‍ജിയോ ഗോള്‍ഫ് കായിക രംഗത്ത് പ്രൊഫഷനലുകള്‍ക്കിടയില്‍ ആഗോള റാങ്കിംഗ് ഉള്ള ഒരേയൊരു അറബ് കളിക്കാരനാണ്. മുവായ് തായ് (തായ് ബോക്‌സിംഗ്) കായിക വിനോദം വികസിപ്പിക്കുന്നതില്‍ വലിയ താല്‍പര്യമുള്ള പശ്ചാത്തലത്തില്‍, സിറിയന്‍ വനിതാ താരം തസ്‌നീം അല്‍ഖസ്സാബിനും സൗദി പൗരത്വം സമാനിച്ചു. 12-13 വയസ് വിഭാഗത്തിലെ മികച്ച കളിക്കാരിയായ തസ്‌നീം റിയാദില്‍ സംഘടിപ്പിച്ച 2021 സൗദി വനിതാ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.