തിരുവനന്തപുരം – മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റില്‍ 7000 സീറ്റിന്റെ കുറവ് മാത്രമേയുള്ളൂവെന്നും ഇത് പരിഹരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി. 16000 സീറ്റ് കുറവുണ്ടെന്നത് മാധ്യമങ്ങളുടെ കണക്കാണെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതിനപ്പുറമുള്ള കണക്ക് തന്റെ കൈയിലില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. ഇക്കാര്യം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അധിക ബാച്ച് വിഷയത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമമുണ്ടെന്നും അധിക സീറ്റ് വേണമെന്നുമാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിയമിച്ച കമ്മിറ്റി ശുപാര്‍ശ ചെയ്തത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്. സപ്ലിമെന്റെറി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിച്ചാവണം ബാച്ച് തീരുമാനിക്കാനെന്ന് ശുപാര്‍ശയില്‍ പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷം വിദ്യാഭ്യാസ വകുപ്പ് മലപ്പുറത്തെ പ്ലസ് വണ്‍ അധിക ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുമെന്നാണ് കരുതുന്നത്.
ഏഴായിരം പേര്‍ക്ക് കൂടി സീറ്റ് കിട്ടാനുണ്ടെന്നാണ് മന്ത്രി ആവര്‍ത്തിക്കുന്നതെങ്കിലും സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ ഇനിയും 16881 പേര്‍ക്ക് സീറ്റ് കിട്ടാനുണ്ട്. പാലക്കാട് 8139 ഉം കോഴിക്കോട് 7192 ഉം കണ്ണൂരില്‍ 4623 ഉം സീറ്റുകള്‍ ആവശ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group