ആലപ്പുഴ / കോഴിക്കോട്: ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ പാനൂരിൽ ഒരാൾക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് ശരീരവേദനയും ഛർദ്ദിയുമായി തൃക്കുന്നപ്പുഴ ഫഷറീസ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 55-കാരനാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് രോഗം സ്ഥിരീകരിച്ചത്.
ഫിഷറീസ് ആശുപത്രിയിൽനിന്നും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ ഇദ്ദേഹമിപ്പോൾ മെഡിക്കൽ കോളജിൽ പ്രത്യേക നിരീക്ഷണത്തിലാണെന്ന് അധികൃതർ പറഞ്ഞു.
ക്യൂലക്‌സ് ഇനത്തിൽപ്പെട്ട കൊതുകുകളാണ് വെസ്റ്റ് നൈൽ പനി പരത്തുന്നതെന്ന് രോഗിയെ ആദ്യഘട്ടത്തിൽ പരിശോധിച്ച തൃക്കുന്നപ്പുഴ ആശുപത്രിയിലെ ആർ.എം.ഒ ഡോ. സുനിൽ പറഞ്ഞു. കൊതുകിൽനിന്ന് മാത്രമേ ഇത് പിടിപെടുകയുള്ളൂ. മനുഷ്യരിൽനിന്ന് പകരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പക്ഷികളിൽനിന്ന് കൊതുകുകളിലേക്കും അത്തരം കൊതുകുകളിൽനിന്ന് മനുഷ്യരിലേക്കും രോഗം പകരും. ചൂട്, ശരീരവേദന, ഛർദ്ദി, തലവേദന തുടങ്ങിയവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണം. ഈ ലക്ഷണമുള്ളവർ ആശുപത്രിയിലെത്തി ചികിത്സ തേടണം. പനിയ്ക്ക് സ്വയം ചികിത്സ നടത്തുന്നത് രോഗം കണ്ടെത്താൻ കഴിയാതെ വരും.
കൊതുക് പെരുകുന്ന സാഹചര്യം പൂർണമായും ഒഴിവാക്കണമെന്നും കൊതുക് ശല്യമുള്ള പ്രദേശത്ത് പ്രത്യേക ശ്രദ്ധവേണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് അപൂർവ്വമായി മാത്രം റിപോർട്ട് ചെയ്യുന്ന വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത് തീരപ്രദേശത്ത് ആശങ്കയുളവാക്കിയിട്ടുണ്ടെങ്കിലും ശക്തമായ ബോധവത്കരണവുമായി ആരോഗ്യപ്രവർത്തകർ രംഗത്തുണ്ട്.
അതിനിടെ, കോഴിക്കോട്ട് ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പയ്യോളി സ്വദേശിയായ 14-കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി ഈയിടെ മൂന്നുപേർ മരിച്ചിരുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ ബോധവത്കരണവും നിരീക്ഷണവും ശക്തമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group