* മന്ത്രിയുടെ നേതൃത്വത്തില്‍ കെ.എസ്.എഫ്.ഇ സംഘം ഗള്‍ഫിലേക്ക്
* പ്രവാസികള്‍ക്ക് ഭവനനിര്‍മാണത്തിന് ധനസഹായം പരിഗണനയില്‍
ജിദ്ദ: കേരള സ്റ്റേറ്റ് ഫൈനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിന്റെ നേതൃത്വത്തില്‍ 2018 ല്‍ ആരംഭിച്ച പ്രവാസി ചിട്ടി പദ്ധതി എല്ലാ ഗള്‍ഫ് നാടുകളിലേയും മറ്റ് വിദേശ രാജ്യങ്ങളിലേയും പ്രവാസികള്‍ക്ക് പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ വിപുലമാക്കുമെന്നും ഇതിനായി നോര്‍ക്ക, കിഫ്ബി എന്നിവയുടെ സഹകരണത്തോടെ ധനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സൗദി അറേബ്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വൈകാതെ സന്ദര്‍ശനം നടത്തുമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രസ്താവിച്ചു. പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി കെ.എസ്.എഫ്.ഇ വിളിച്ചുകൂട്ടിയ ഓണ്‍ലൈന്‍ മീറ്റിംഗിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. വിവിധ ഗള്‍ഫ് നാടുകളില്‍ നിന്നുള്ള സംഘടനാപ്രതിനിധികളും പ്രധാനവ്യക്തികളുമുള്‍പ്പെടെ മുന്നൂറിലധികമാളുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ യോഗത്തില്‍ പങ്കെടുത്തു. കെ.എസ്.എഫ്.ഇ എം.ഡി കെ. വരദരാജന്‍, നോര്‍ക്ക മേധാവി അജിത് കോളാശ്ശേരി എന്നിവര്‍ ആമുഖഭാഷണത്തില്‍ പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെളിപ്പെടുത്തി. ഓണ്‍ലൈന്‍ സംഗമത്തില്‍ പങ്കെടുത്ത പ്രവാസി സമൂഹത്തെ കെ. സജിത്ത് സ്വാഗതം ചെയ്തു.
ഏറ്റവും സുരക്ഷിതമായ മാര്‍ഗത്തിലൂടെ പ്രവാസികളുടെ പണം നിക്ഷേപിക്കുന്നതിനും വിനിയോഗിക്കുന്നതിനും പ്രവാസി ചിട്ടി സഹായകമാകുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ഏജന്‍സി സമ്പ്രദായത്തിലൂടെ 684 ശാഖകളുമായി ബന്ധപ്പെട്ട് കേരളത്തില്‍ കെ.എസ്.എഫ്.ഇ ചിട്ടികള്‍ വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും പ്രവാസലോകത്ത് ചിട്ടിയുടെ നേട്ടങ്ങളെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പ്രവാസികളുടെ പിന്തുണ അനിവാര്യമാണെന്നും മന്ത്രി ബാലഗോപാല്‍ ആവശ്യപ്പെട്ടു.
തിരികെയെത്തുന്ന പ്രവാസികള്‍ക്ക് അഞ്ചുലക്ഷം രൂപ വരെ ലോണ്‍ നല്‍കുന്ന പദ്ധതി കെ.എസ്.എഫ്. ഇ ആവിഷ്‌കരിച്ചത് ലക്ഷ്യം കണ്ടുവെന്നും ഇതിനകം പതിനായിരം പേര്‍ക്ക് പലിശയിളവില്‍ ലോണ്‍ അനുവദിച്ചത് വലിയ കാര്യമാണെന്നും കെ. വരദരാജന്‍ ചൂണ്ടിക്കാട്ടി. ഭവനനിര്‍മാണത്തിനായി പ്രവാസികള്‍ക്ക് ധനസഹായം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികളുമായുള്ള കേരളത്തിന്റെ ജൈവികബന്ധം നിലനിര്‍ത്തുന്നതില്‍ പ്രവാസി സംഘടനകള്‍ വഹിക്കുന്ന പങ്കിനെ ധനമന്ത്രിയും മറ്റ് പ്രസംഗകരും പ്രശംസിച്ചു.