കണ്ണൂർ / തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ സുധാകരനെതിരായ കൂടോത്ര വിവാദത്തിൽ പ്രതികരിച്ച് സി.പി.എം, ബി.ജെ.പി നേതാക്കൾ രംഗത്ത്. കെ സുധാകരൻ കോൺഗ്രസിനെ നയിക്കുന്നത് ഇരുണ്ട യുഗത്തിലേക്കെന്ന് മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചു. ‘കൂടോത്രം, ദുർമന്ത്രവാദം, ദുർമന്ത്രവാദികൾ, പിന്നെ കനഗോലു എന്നിവയിലൊക്കെ വിശ്വാസമർപ്പിച്ച് പ്രവർത്തിക്കുന്ന ഈ നേതാക്കൾ കേരളത്തെയും കോൺഗ്രസിനേയും ഏത് ഇരുണ്ട കാലത്തേക്കാണ് നയിക്കുന്നതെന്ന് അദ്ദേഹം എഫ്.ബി പോസ്റ്റിൽ ചോദിച്ചു.
കോൺഗ്രസിന്റെ അധഃപതനത്തിന്റെ ആഴമാണ് കെ സുധാകരന്റെ വീട്ടിലെ കൂടോത്രത്തിലൂടെ വ്യക്തമാകുന്നതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പ്രതികരിച്ചു. വ്യക്തിയേയും പ്രസ്ഥാനത്തേയും തകർക്കാൻ ആഭിചാരത്തെ കൂട്ടുപിടിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. കോൺഗ്രസിന്റെ അന്തച്ഛിദ്രവും ഗ്രൂപ്പും കളിയുമായാണ് കൂടോത്ര പ്രയോഗത്തിലുടെ പുറത്ത് വന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.
നേരത്തെ കർണാടകയിലെ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ കണ്ണൂർ കേന്ദ്രീകരിച്ച് തനിക്കെതിരെ ആഭിചാരക്രീയ നടത്തിയെന്ന് ആരോപിച്ചിരുന്നു. ക്രിയകളുടെ പേരുകൾ അടക്കം അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിലാണ് ഇത്തരം കാര്യങ്ങൾ നടക്കുന്നത്. ഇതിനുത്തരം നൽകാൻ രാഹുൽ ഗാന്ധി ബാധ്യസ്ഥനാണ്. മുത്തശ്ശി പാർട്ടി കേരളത്തിനും ആധുനിക സമൂഹത്തിനും അപമാനമാണെന്നും കൃഷ്ണദാസ് പരിഹസിച്ചു.
മന്ത്രി എം.ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ബലേ ഭേഷ്!
നിങ്ങൾ ഏത് ഇരുണ്ട യുഗത്തിലാണ് ജീവിക്കുന്നത്?
പ്രതിപക്ഷ നേതാവ് പതിവായി ചോദിക്കുന്നതാണിത്. അപ്പോഴിതാ വരുന്നു മറ്റൊരിടത്തുനിന്ന് കെ പി സി സി പ്രസിഡന്റിന്റെ വിലാപം. തന്നെ ഇല്ലാതാക്കാൻ കൂടോത്രം ചെയ്‌തെന്നാണ് കോൺഗ്രസിനെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കേരളത്തിൽ നയിക്കുന്ന കെ സുധാകരന്റെ നിലവിളി. ചെയ്തവരോ? അവരും കോൺഗ്രസുകാരത്രേ.
സുധാകരനും മിത്രങ്ങളും ചേർന്ന് വീടിന്റെ നാല് ഭാഗവും കുഴിച്ച്, കൂടോത്രം ചെയ്ത് കുഴിച്ചിട്ട തകിടുകൾ പുറത്തെടുക്കുകയും ചെയ്തു! ഇനി കെ പി സി സി ഓഫീസിൽ കുഴിച്ചിട്ട തകിടുകൾക്കായി ഉല്ഖനനം വേറെയുമുണ്ടെന്നാണ് കേൾക്കുന്നത്.
ഇരുപത്തൊന്നാം നൂറ്റാണ്ടിലാണിതെല്ലാം. കൂടോത്രം, ദുർമന്ത്രവാദം, ദുർമന്ത്രവാദികൾ, പിന്നെ കനഗോലു എന്നിവയിലൊക്കെ വിശ്വാസമർപ്പിച്ച് പ്രവർത്തിക്കുന്ന ഈ നേതാക്കൾ കേരളത്തെയും കോൺഗ്രസിനേയും ഏത് ഇരുണ്ട കാലത്തേക്കാണ് നയിക്കുന്നത്?
ചെത്തുകാരന്റെ മകൻ എന്ന് മുഖ്യമന്ത്രിയെയും ‘ …….’ എന്ന് സ്വന്തം പാർട്ടിയിലെ പ്രതിപക്ഷ നേതാവിനെയും വിളിക്കുന്ന പ്രസിഡണ്ട് ഏത് കാലത്താണ് ജീവിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കട്ടെ പ്രതിപക്ഷ നേതാവ്. ഏതു കാലത്തെ ദുഷിച്ച ചിന്തയും പുളിച്ച ഭാഷയുമാണിതൊക്കെ എന്ന് നേരിട്ട് ചോദിക്കട്ടെ. അതിനുള്ള ധൈര്യം പ്രതിപക്ഷ നേതാവിനുണ്ടാകുമോ? പ്രസിഡന്റിന്റെ പ്രതികരണം പ്രതിപക്ഷ നേതാവിന് താങ്ങാനാവുമോ? ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.