ന്യൂദല്‍ഹി – ലോകസഭയില്‍ സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിനിടെ കോണ്‍ഗ്രസ് എം പി ഹൈബി ഈഡന് കുടിക്കാന്‍ വെള്ളം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. വെള്ളം ഹൈബി വാങ്ങിക്കുടിക്കുകയും ചെയ്തു. ലോകസഭയുടെ നന്ദി പ്രമേയ ചര്‍ച്ചക്കിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അടുത്ത് നിന്ന് മുദ്രാവാക്യം വിളിച്ചപ്പോഴാണ് നരേന്ദ്ര മോഡി ഹൈബി ഈഡന് വെള്ളം നല്‍കിയത്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെയാണ് ലോകസഭയില്‍ പ്രതിപക്ഷ ബഹളമുണ്ടായത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്.
മണിപ്പൂരില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ അനുവാദം നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്രകാരം പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. മോദിയുടെ പ്രസംഗം ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതിപക്ഷം ബഹളം തുടര്‍ന്നു. ഇതിനിടയില്‍ രണ്ട് തവണ പ്രസംഗം തടസപ്പെടുകയും ചെയ്തു. . പ്രതിപക്ഷ നടപടി ലോകസഭയുടെ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും രാഹുല്‍ ഗാന്ധി ജനാധിപത്യ മര്യാദ കാണിക്കണമെന്നും അഞ്ച് കൊല്ലവും ഇതേ നിലയില്‍ ബഹളം വെക്കാനാവില്ലെന്നും സ്പീക്കര്‍ ഓം ബിര്‍ള വിമര്‍ശിച്ചു. രാഹുലിന് ബാലബുദ്ധിയെന്നും മോഡി പരിഹസിച്ചു. പരാതി പറഞ്ഞ് സഹതാപം നേടാനുള്ള കുട്ടിയുടെ ശ്രമം ഇന്നലെ സഭയില്‍ കണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group