ജിദ്ദ – അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ കുടിയേറ്റം വ്യാപിപ്പിക്കുന്നത് പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയക്ക് തുരങ്കം വെക്കുമെന്ന് സൗദി വിദേശ മനത്രാലയം മുന്നറിയിപ്പ് നല്‍കി. വെസ്റ്റ് ബാങ്കില്‍ കുടിയേറ്റം വ്യാപിപ്പിക്കാനുള്ള ഇസ്രായില്‍ മന്ത്രിസഭാ തീരുമാനത്തെ സൗദി അറേബ്യ അപലപിക്കുന്നതായി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളും പ്രമേയങ്ങളും ഇസ്രായില്‍ നിരന്തരം ലംഘിക്കുന്നതിനെ സൗദി അറേബ്യ നിരാകരിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇസ്രായിലിനോട് കണക്കു ചോദിക്കാനുള്ള സംവിധാനങ്ങളുടെ പൂര്‍ണ അഭാവത്തില്‍ ഇസ്രായില്‍ നിയമ ലംഘനങ്ങള്‍ തുടരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ്. ഇത്തരം നിയമ ലംഘനങ്ങള്‍ സമാധാനത്തിനുള്ള അവസരങ്ങള്‍ക്ക് തുരങ്കം വെക്കുമെന്നും സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും പ്രാദേശിക, അന്താരാഷ്ട്ര സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്തുമെന്നും സൗദി വിദേശ മന്ത്രാലയം പറഞ്ഞു.
വെസ്റ്റ് ബാങ്കില്‍ കുടിയേറ്റം വ്യാപിപ്പിക്കാനുള്ള ഇസ്രായില്‍ മന്ത്രിസഭാ തീരുമാനത്തെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ കടുത്ത ഭാഷയില്‍ അപലപിച്ചു. വെസ്റ്റ് ബാങ്കിലെ പുതിയ അഞ്ചു ജൂത കുടിയേറ്റ കോളനികള്‍ നിയമവിധേയമാക്കാനും ആയിരക്കണക്കിന് പുതിയ കുടിയേറ്റ വീടുകള്‍ നിര്‍മിക്കാനും അധിനിവേശ ജറൂസലമില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കും അവയുടെ വിവിധ സ്ഥാപനങ്ങള്‍ക്കും നികുതി ചുമത്താനും ഫലസ്തീന്‍ നികുതി ഫണ്ട് കൊള്ളയടിക്കുന്നത് തുടരാനും ഇസ്രായില്‍ ഗവണ്‍മെന്റ് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.
ഫലസ്തീന്‍ ജനതക്കെതിരായ വംശീയ ഉന്മൂലനം, നിര്‍ബന്ധിത കുടിയിറക്കല്‍, വംശഹത്യ എന്നീ നയങ്ങളുടെ തുടര്‍ച്ചാണിത്. 2016 ല്‍ യു.എന്‍ രക്ഷാ സമിതി അംഗീകരിച്ച 2,334-ാം നമ്പര്‍ പ്രമേയം അടക്കം ബന്ധപ്പെട്ട മുഴുവന്‍ രക്ഷാ സമിതി പ്രമേയങ്ങളും അന്താരാഷ്ട്ര നിയമങ്ങളും പ്രകാരം അധിനിവിഷ്ട ഫലസ്തീനില്‍ സാമ്രാജ്യത്വ ഭരണ സംവിധാനം ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ സ്വീകരിക്കുന്ന മുഴുവന്‍ നടപടിക്രമങ്ങളും തീരുമാനങ്ങളും അസാധുവാണ്.
വെസ്റ്റ് ബാങ്കില്‍ വര്‍ധിച്ചുവരുന്ന ജൂതകുടിയേറ്റക്കാരുടെ ഭീകരതയുടെ അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്. ഗാസയില്‍ നടക്കുന്ന വംശഹത്യയും അധിനിവിഷ്ട ഫലസ്തീനിലുടനീളം ഇസ്രായില്‍ ചെയ്യുന്ന നിയമ വിരുദ്ധ നടപടികളും അവസാനിപ്പിക്കാന്‍ ഇസ്രായിലിനെ നിര്‍ബന്ധിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു.