ആലപ്പുഴ: ഓസ്ട്രേലിയയില്‍ സിമിക് ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയില്‍ സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍മാരായി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി അറസ്റ്റില്‍. കോയമ്പത്തൂര്‍ രത്തിനപുരി ഗാന്ധിജി റോഡില്‍ ശ്രീറാം ശങ്കരി അപ്പാര്‍ട്ട്മെന്റില്‍ ആഷ്ടണ്‍ മൊണ്ടീറോ എന്ന് വിളിക്കുന്ന മധുസൂദനന്‍ ആര്‍ (42) എന്നയാളെയാണ് മാവേലിക്കര നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ ബാംഗ്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തുടനീളം നാല്‍പ്പതില്‍പരം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോടികളാണ് ഇയാള്‍ തട്ടിയെടുത്തത്. ഇംഗ്ലീഷ് ഭാഷ നിപുണനായ മധുസൂദനന്‍ കേരളത്തില്‍ അങ്കമാലി കേന്ദ്രീകരിച്ച് ഒ ഇ ടി ക്ലാസുകള്‍ എടുത്തിരുന്നു. 2023 ലാണ് അങ്കമാലി കേന്ദ്രീകരിച്ച് തട്ടിപ്പ് ആരംഭിച്ചത്. ഓസ്ട്രേലിയയിലെ സിമിക്ക് ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയില്‍ സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍മാരെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഭ്യസ്തവിദ്യര്‍ ബയോഡേറ്റ സമര്‍പ്പിച്ചു. ഇയാളുടെ കൂട്ടാളികളായ ചിലരാണ് ഉദ്യോഗാര്‍ത്ഥികളെ ബന്ധപ്പെട്ടു വന്നിരുന്നത്. ആകര്‍ഷകമായ ജോലിയും ശമ്പളവും ഓസ്ട്രേലിയയില്‍ പെര്‍മനന്റ് വിസയും ഇവര്‍ വാഗ്ദാനം ചെയ്തു. ഇതിനിടയില്‍ തിരുവനന്തപുരത്തും എറണാകുളത്തും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മധുസൂദനന്റെ ഇന്റര്‍വ്യൂ നടന്നു. കൂട്ടാളികള്‍ ബോസ് എന്ന് വിളിക്കുന്ന ഇയാളുടെ വ്യക്തിപ്രഭാവത്തിലും ഇന്റര്‍വ്യൂവിലും അത്ഭുതപ്പെട്ട 40 ഓളം യുവാക്കളും യുവതികളും ജോലി കിട്ടും എന്ന് ഉറപ്പിച്ച് വിസ പ്രോസസ്സിങ്ങിനായി ഇയാള്‍ ആവശ്യപ്പെട്ടതനുസരിച്ച് 7 ലക്ഷം രൂപ വീതം അയച്ചു. പണം കിട്ടിയ ശേഷം ഈ സംഘം അപ്രത്യക്ഷരായി. ആദ്യം ഫോണില്‍ വിളിച്ചാല്‍ എടുക്കാതാവുകയും പിന്നീട് ഫോണ്‍ നമ്പറുകള്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. പണം നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പരാതികളില്‍ അങ്കമാലി, കാലടി , നെടുമ്പാശ്ശേരി, തൃശ്ശൂര്‍ ഈസ്റ്റ്, മൂവാറ്റുപുഴ , കരമന, നൂറനാട് എന്നീ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നൂറനാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലേക്ക് ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ എന്‍ രാജേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൂട്ടുപ്രതിയായ ചാലക്കുടി സ്വദേശി വിദേശത്തേക്ക് കടന്നു എന്ന് വ്യക്തമായി. അയാള്‍ക്കെതിരെയും മധുസൂദനനെതിരെയും ലുക്ക് ഔട്ട് സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചു. മധുസൂദനന്‍ രാജ്യം വിട്ടിട്ടില്ല എന്ന് മനസ്സിലായതിനെ തുടര്‍ന്ന് ഇയാള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു.തട്ടിയെടുത്ത പണം ഉപയോഗിച്ച് ഇയാള്‍ തായ്‌ലാന്‍ഡ്, മലേഷ്യ, ബാംഗ്ലൂര്‍, മുംബൈ മുതലായ സ്ഥലങ്ങളിലെ ഉല്ലാസ കേന്ദ്രങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു. മലയാളിയായ ഇയാള്‍ തമിഴ്നാട്ടിലാണ് കുടുംബത്തോടൊപ്പം താമസിച്ചുവന്നിരുന്നത്. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി, കന്നട, ഫ്രഞ്ച് ,ജര്‍മ്മന്‍, പഞ്ചാബി എന്നിവ ഉള്‍പ്പെടെ 15 ഭാഷകള്‍ വശമുള്ള ഇയാള്‍ കഴിഞ്ഞ രണ്ടുമാസമായി ബാംഗ്ലൂര്‍ നഗരത്തില്‍ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ ട്യൂട്ടറായി ജോലി നോക്കുകയായിരുന്നു. മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി – 2 ല്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സിനു വര്‍ഗീസ്, ബിജുരാജ് . ആര്‍, പ്രവീണ്‍ .പി , സിജു .എച്ച്, ഗിരീഷ് ലാല്‍ . വി.വി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ ബാംഗ്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group