ജിദ്ദ – സര്‍ക്കാര്‍ പാഠ്യപദ്ധതിയില്‍ നിന്ന് വ്യത്യസ്തമായ പാഠ്യപദ്ധതി പഠിപ്പിക്കുന്ന സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്ക് ഇഷ്ടമുള്ള സെമസ്റ്റര്‍ രീതി തെരഞ്ഞെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. ഇതനുസരിച്ച് സ്വകാര്യ, വിദേശ സ്‌കൂളുകള്‍ തങ്ങള്‍ക്ക് അനുയോജ്യമായ സെമസ്റ്റര്‍ രീതി തെരഞ്ഞെടുക്കും. സൗദിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നേരത്തെ രണ്ടു സെമസ്റ്റര്‍ രീതിയാണ് നിലവിലുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ വിദ്യാഭ്യാസ മന്ത്രാലയം മൂന്നു സെമസ്റ്റര്‍ രീതി നടപ്പാക്കാന്‍ തുടങ്ങി. അടുത്ത അധ്യയന വര്‍ഷത്തിലും മൂന്നു സെമസ്റ്റര്‍ രീതി തുടരാന്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള അക്കാദമിക് കലണ്ടറിന്റെ പൊതുവായ സമയക്രമം മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. അടുത്ത അധ്യയന വര്‍ഷത്തിനു ശേഷമുള്ള നാലു വര്‍ഷങ്ങളില്‍ രണ്ടു സെമസ്റ്റര്‍ രീതിയാണോ അതല്ല മൂന്നു സെമസ്റ്റര്‍ സംവിധാനമാണോ ഏറ്റവും അനുയോജ്യം എന്ന കാര്യം ഇതുമായി ബന്ധപ്പെട്ട പ്രത്യേക പഠനം പൂര്‍ത്തിയായ ശേഷം ഈ അധ്യയന വര്‍ഷാവസാനത്തില്‍ നിര്‍ണയിക്കും. ഏതു സംവിധാനം അംഗീകരിച്ചാലും അധ്യയന ദിനങ്ങള്‍ 180 ല്‍ കുറയാത്ത നിലക്ക് മന്ത്രിസഭ അംഗീകരിച്ച അക്കാദമിക് കലണ്ടറിന്റെ പൊതുവായ സമയക്രമം നിലനിര്‍ത്തും.