റിയാദ് – പെട്രോള്‍ ബങ്കില്‍ വെച്ച് ഇന്ധനം നിറക്കുന്നതിനിടെ കാറില്‍ തീ പടര്‍ന്നുപിടിച്ചു. ബങ്ക് തൊഴിലാളിയുടെയും മറ്റൊരു സൗദി പൗരന്റെയും സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. പെട്രോള്‍ ബങ്കില്‍ നിറയെ കാറുകളും ഉപയോക്താക്കളുമുള്ള തിരക്കേറിയ സമയത്താണ് സംഭവം. കാറുമായി ബങ്കിലെത്തിയ സൗദി പൗരന്‍ ഫുള്‍ടാങ്ക് ഇന്ധനം അടിക്കാന്‍ തൊഴിലാളിയോട് ആവശ്യപ്പെടുകയായിരുന്നു.
പെട്രോള്‍ പമ്പിന്റെ നോസില്‍ കാറിന്റെ ടാങ്കിന്റെ വായ്ഭാഗത്ത് തിരുകിവെച്ച് തൊഴിലാളി മീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് മാറിയ സമയത്താണ് കാറില്‍ ഇന്ധന ടാങ്കില്‍ നോസില്‍ തിരുകിവെച്ച സ്ഥലത്ത് തീ പടര്‍ന്നുപിടിച്ചത്. ഈ സമയത്ത് കാറുടമ കാറിനകത്ത് ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുകയായിരുന്നു. കാറിന്റെ പിന്‍വശത്ത് തീ പടര്‍ന്നുപിടിച്ചത് ശ്രദ്ധയില്‍ പെട്ട ഉടമ ഉടന്‍ തന്നെ വിലപിടിച്ച രേഖകളും വസ്തുക്കളും എടുത്ത് കാറില്‍ നിന്ന് പുറത്തിറങ്ങി. അപ്പോഴേക്കും അഗ്നിബാധ കണ്ട് ബങ്ക് തൊഴിലാളി ഓടിയെത്തി അഗ്നിശമന സിലിണ്ടര്‍ കൈയിലെടുത്ത് തീയണക്കാന്‍ ശ്രമിച്ചു.
ഇതിനിടെ സമീപത്തുണ്ടായിരുന്ന മറ്റൊരു സൗദി പൗരന്‍ സാഹസികമായി കാറിന്റെ ഇന്ധന ടാങ്കിന്റെ വായ്ഭാഗത്ത് തിരുകിവെച്ചിരുന്ന നോസില്‍ വലിച്ചൂരി നിലത്തിടുകയും ചെയ്തു. ഇതിനിടെ കൂടുതല്‍ ശക്തിയില്‍ തീ ആളിപ്പടര്‍ന്നെങ്കിലും മനഃസാന്നിധ്യം വെടിയാതെ അഗ്നിശമന സിലിണ്ടര്‍ നിര്‍ത്താതെ സ്‌പ്രേ ചെയ്ത് തീ പൂര്‍ണമായും അണക്കുന്നതില്‍ പെട്രോള്‍ ബങ്ക് തൊഴിലാളി വിജയിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പെട്രോള്‍ ബങ്കിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.