ജിദ്ദ – ചികിത്സാ ചെലവ് ആറിലൊന്നായി കുറക്കാന്‍ സഹായിക്കുന്ന തരത്തിൽ രക്താര്‍ബുദ ചികിത്സാ മേഖലയില്‍ പുതിയ നേട്ടം കൈവരിച്ച് സൗദി ഗവേഷകര്‍. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ടി-സെല്ലുകള്‍ (സി.എ.ആര്‍-ടി) ഉല്‍പാദിപ്പിക്കുന്നതില്‍ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ ഗവേഷകര്‍ വിജയിച്ചു. ചിമെറിക് ആന്റിജന്‍ റിസപ്റ്റര്‍ (സി.എ.ആര്‍) ടി-സെല്‍ തെറാപ്പി ചില തരത്തിലുള്ള രക്താര്‍ബുദ ചികിത്സക്ക് ഏറെ ഫലപ്രദമാണ്.
അര്‍ബുദത്തിനെതിരെ പോരാടുന്ന ടി-കോശങ്ങളിലേക്ക് ലാബ് നിര്‍മിത ജീന്‍ ചേര്‍ത്താണ് ശാസ്ത്രജ്ഞര്‍ ചികിത്സ സൃഷ്ടിക്കുന്നത്. ഈ മാറ്റം ടി-കോശങ്ങളെ കാന്‍സര്‍ കോശങ്ങളെ കണ്ടെത്തി ഉന്മൂലനം ചെയ്യാന്‍ സഹായിക്കുന്നു. ചികിത്സാ ചെലവ് 13 ലക്ഷം റിയാലില്‍ നിന്ന് രണ്ടര ലക്ഷത്തോളം റിയാലായി കുറക്കാനും രോഗികള്‍ക്ക് 14 ദിവസത്തിനുള്ളില്‍ ടി-കോശങ്ങള്‍ ലഭ്യമാക്കാനും ഭീമമായ ചികിത്സാ ചെലവ്, രോഗിയില്‍ നിന്ന് എടുക്കുന്ന ടി-കോശങ്ങള്‍ വിദേശ കേന്ദ്രത്തിലും പിന്നീട് തിരിച്ച് സൗദിയിലും എത്തിക്കാനുള്ള ചെലവ് എന്നിവ അടക്കമുള്ള മുഴുവന്‍ വെല്ലുവിളികളും തരണം ചെയ്യാനും കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ ഗവേഷകരുടെ പുതിയ നേട്ടം സഹായിക്കും.
രോഗികളുടെ ദുരിതം കുറക്കാനും അനുയോജ്യമായ സമയത്ത് ചികിത്സ ലഭിക്കാനും ഈ നേട്ടം സഹായിക്കും. ഇന്നു രാവിലെ ആരംഭിച്ച ദ്വിദിന അഡ്വാന്‍സ്ഡ് തെറാപ്പീസ് ഫോറത്തിലാണ് പുതിയ നേട്ടം കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ ഗവേഷകര്‍ അറിയിച്ചത്.
കിംഗ് ഫൈസല്‍ ആശുപത്രിയില്‍ ടി-കോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിനു മുമ്പ് വിദേശത്ത് ഇവ ഉല്‍പാദിപ്പിച്ച് സൗദിയിലെത്തിക്കാന്‍ 21 മുതല്‍ 28 വരെ ദിവസമെടുത്തിരുന്നു.
ടി-സെല്ലുകള്‍ പ്രത്യേകം ശീതീകരിച്ച കൊറിയര്‍ സംവിധാനത്തില്‍ വിദേശ കേന്ദ്രങ്ങളിലെത്തിച്ച് ലാബ് നിര്‍മിത ജീന്‍ ചേര്‍ത്ത ടി-കോശങ്ങള്‍ തിരികെ കിംഗ് ഫൈസല്‍ ആശുപത്രിയിലെത്തിക്കല്‍ വലിയ ലോജിസ്റ്റിക് വെല്ലുവിളിയായിരുന്നു. ഇത് രോഗികള്‍ക്ക് ചികിത്സ ലഭിക്കാന്‍ കാലതാമസമുണ്ടാക്കിയിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പുതിയ നേട്ടം പരിഹാരമുണ്ടാക്കുന്നു.