നാളെ മുതൽ കേരളത്തിലെ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ പഠനം ആരംഭിക്കുകയാണ്.
ഈ അവസരത്തിൽ പ്ലസ് വൺ വി എച്ച് സി, ടെക്‌നിക്കൽ ഹയർ സെക്കൻഡറി, ആർട്‌സ് പ്ലസ് ടു എന്നിവയിലൂടെ മുന്നോട്ടുപോകുന്ന കുട്ടികൾക്ക് ചെന്നെത്താവുന്ന കരിയർ മേഖലയെ കുറിച്ചുള്ള പൊതുവായ ചില കാഴ്ചപ്പാടുകളാണ് ഈ കുറിപ്പിലെ പ്രതിപാദ്യം.
ഇന്നത്തെ ഇന്ത്യൻ, കേരള സാഹചര്യത്തിൽ, പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി വഴി പോയാൽ ബിരുദാനന്തര ബിരുദം, ഡോക്ടറേറ്റ് പഠനം, ഡോക്ടറേറ്റാനന്തര പഠനം എന്നീ വഴികളിലൂടെ മുന്നോട്ടുപോയി സ്വദേശ, വിദേശ മേഖലകളിൽ അധ്യാപനം, ഗവേഷണം മറ്റു അനുബന്ധ മേഖലകളിൽ ജോലി ചെയ്യാം, ജോലിക്ക് ശ്രമിക്കാം.,
ഡിഗ്രി മാത്രം പൂർത്തിയാക്കി മുന്നോട്ട് പോയാൽ മത്സരപരീക്ഷകൾ, കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും, ബാങ്കുകളിലെയും റെയിൽവേയിലെയും, സൈന്യത്തിലെയും തൊഴിലവസരങ്ങൾക്ക് ശ്രമിക്കാം.
മാനവിക വിഷയങ്ങളിൽ ബിരുദം മാത്രം പൂർത്തിയാക്കിയാൽ നിലവിലുള്ള സാഹചര്യത്തിൽ ഐ.ടി മേഖല, സൈന്യത്തിലെ ജോലികൾ, ഏവിയേഷൻ മേഖല, താഴ്ന്ന ക്ലാസുകളിലെ അധ്യാപനം, ഇവ ഒഴിച്ചു മറ്റു മേഖലകളിൽ ജോലി സാധ്യത താരതമ്യേന കുറവാണ്. ഉയർന്ന തസ്തികളിൽ ജോലി ലഭിക്കാൻ താരതമ്യേന കൂടുതൽ കാലം പഠിക്കേണ്ട ഒരു മേഖലയാണ് മാനവിക വിഷയങ്ങൾ. പക്ഷേ മികച്ച അവസരങ്ങളാണ് അവരെ കാത്തിരിക്കുന്നത്.
എന്നാൽ, കൊമേഴ്‌സ് മേഖലയിൽ ബിരുദം കഴിഞ്ഞാൽ ട്രാവൽ ആൻഡ് ടൂറിസം, അക്കൗണ്ടിംഗ് മേഖല, ബിസിനസ് മാനേജ്‌മെന്റ്, ഹോസ്പിറ്റലിറ്റി മാനേജ്‌മെന്റ്, ഓഡിറ്റിംഗ്, ഐ.ടി മേഖല, ഇൻഷുറൻസ് മേഖല, ഡാറ്റ അനലിറ്റിക്‌സ് എന്നീ മേഖലകളിൽ അവസരങ്ങൾ ഉണ്ട്.
സയൻസ് വിഷയങ്ങളിൽ ബിരുദം മാത്രം കഴിഞ്ഞാൽ, കമ്പ്യൂട്ടർ സയൻസ്/ ബിസിഎ / ഡാറ്റ അണലിറ്റിക്‌സ്, ഫോറൻസിക് സയൻസ്, ലാബ് ടെക്‌നീഷ്യൻ, ഹോട്ടൽ മാനേജ്‌മെന്റ്, ഫുഡ് ടെക്‌നോളജി പോലുള്ള കോഴ്‌സുകൾ കൊണ്ട് ഐടി മേഖല, കൂടാതെ മറ്റു അനുബന്ധ മേഖലയിലും തൊഴിലിന് ശ്രമിക്കാം.
കേരളത്തിൽ മത്സരപരീക്ഷകൾ വഴി ജോലിക്ക് ശ്രമിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പക്ഷേ പി എസ് സി നിയമനം, ലിസ്റ്റുകൾ ഇറങ്ങാനുള്ള കാലതാമസം, കോടതി വ്യവഹാരങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന ഉപയോഗം എന്നിവ കാരണം തസ്തികകൾ കുറയുന്നത്, 2013 മുതൽ കേരളത്തിൽ നിലവിലുള്ള കോൺട്രിബ്യൂട്ടറി പെൻഷൻ എന്നിവ കാരണം താരതമ്യേന അനാകർഷണീയമായി വരുകയാണ്.
ഇന്ന് ഏത് കോഴ്‌സുകൾ കഴിഞ്ഞാലും വിദേശ ഭാഷാ പ്രാവീണ്യ പരീക്ഷകൾ, ഡിജിറ്റൽ സാങ്കേതികവിദ്യയെ സംബന്ധിച്ചുള്ള അറിവുകൾ എന്നിവയാണ് തൊഴിൽക്ഷമത വർധിപ്പിക്കുന്നത്. ഇവ രണ്ടും ഇല്ലാത്തപക്ഷം ഏതു കോഴ്‌സ് കഴിഞ്ഞാലും ജോലി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
(പ്രിൻസിപ്പൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ചുള്ളിക്കോട് മലപ്പുറം & കരിയർ മാസ്റ്റർ ആൻഡ് കോർ റിസോഴ്‌സ് പഴ്‌സൺ സിജി കോഴിക്കോട്. ഫോൺ: 9496470129)