ജിദ്ദ – ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചു കൊണ്ടുള്ള അര്‍മേനിയയുടെ തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി വിദേശ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967 ലെ അതിര്‍ത്തിയില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുന്ന സുപ്രധാന ചുവടുവെപ്പാണ് അര്‍മേനിയയുടെ ഈ തീരുമാനമെന്ന് വിദേശ മന്ത്രാലയം പറഞ്ഞു. ഇനിയും ഫലസ്തീനെ അംഗീകരിക്കാത്ത ലോക രാജ്യങ്ങള്‍, വിശിഷ്യാ യു.എന്‍ രക്ഷാ സമിതി സ്ഥിരാംഗങ്ങളായ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ മുന്നോട്ടുവരണമെന്നും ഇത് ദ്വിരാഷ്ട്ര പരിഹാരത്തിന് പിന്തുണ നല്‍കുമെന്നും ആഗോള സുരക്ഷയും സമാധാനവും ശക്തമാക്കുമെന്നും സൗദി വിദേശ മന്ത്രാലയം പറഞ്ഞു.
ഫലസ്തീനികള്‍ക്ക് മുഴുവന്‍ അവകാശങ്ങളും ലഭിക്കാനും സമാധാനത്തോടെയും നീതിയോടെയും സ്വതന്ത്രമായും അവര്‍ക്ക് ജീവിക്കാനും മേഖലയുടെ സ്ഥിരതയും സുരക്ഷയും സമാധാനവും കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന, ഫലസ്തീന്‍ ജനതയുടെ അവകാശത്തെ പിന്തുണക്കുന്ന അര്‍മേനിയയുടെ ചുവടുവെപ്പിനെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി പ്രശംസിച്ചു. മുഴുവന്‍ രാജ്യങ്ങളും സമാന നടപടികള്‍ സ്വീകരിക്കണമെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. മുസ്‌ലിം വേള്‍ഡ് ലീഗും ഈജിപ്തും കുവൈത്തും അറബ് പാര്‍ലമെന്റും അര്‍മേനിയയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു.