അബുദാബി: വംശനാശം സംഭവിക്കുന്നു എന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ അബുദാബി പരിസ്ഥിതി ഏജൻസിയുടെ നേതൃത്വത്തിൽ വിവിധ ഇനത്തിൽ പെട്ട 63 ഫാൽക്കനുകളെ വനത്തിൽ തുറന്നുവിട്ടു.
കസാക്കിസ്ഥാൻ, റഷ്യ, ചൈന, മംഗോളിയ എന്നിവിടങ്ങളിലാണ്ഇവയെ തുറന്നുവിട്ടത്. 38 പെരിഗ്രൻ,25 സാക്കിർഎന്നീ ഇനം63ഫാൽകണുകളാണിവ.
ഇത്തരം പക്ഷികളെ സംരക്ഷിക്കാനായി രൂപം നൽകിയ ശൈഖ് സായിദ് ഫാൽക്കൺ റിലീസ് പദ്ധതിയുടെ മുപ്പതാം എഡിഷൻ്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ‘റിട്ടേൺ ടു നേച്ചർ’ സംരംഭത്തിലൂടെ കഴിഞ്ഞ 30 വർഷത്തിനിടെ 2,274 ഫാൽക്കണുകളെ ഇത്തരത്തിൽ തുറന്നുവിട്ടിട്ടുണ്ട്. 1995-ൽ യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനാണ് പദ്ധതി ആരംഭിച്ചത്.
സമഗ്രമായ വൈദ്യപരിശോധനകൾക്കുശേഷം ഇലക്ട്രോണിക് ചിപ്പുകൾ ഘടിപ്പിച്ചാണ് ഇവയെ സ്വാഭാവിക ആവാസവ്യവസ്ഥകളിലേക്ക് തിരിച്ചയക്കുന്നത്. അതിജീവനനിരക്ക്, സഞ്ചാരപപാത എന്നിവ മനസിലാക്കാനാണ് ചിപ്പുകൾ ഘടിപ്പിക്കുന്നത്. വന്യജീവിസംരക്ഷണത്തിനായി യു.എ.ഇ. വലിയ ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് അബുദാബി പരിസ്ഥിതി ഏജൻസിയുടെയും (ഇ.എ.ഡി.) ഇന്റർനാഷണൽ ഫണ്ട് ഫോർ ഹൂബറ കൺസർവേഷന്റെയും വൈസ് ചെയർമാനായ മുഹമ്മദ് അഹമ്മദ് അൽ ബൊവർധി പറഞ്ഞു.
ഇരുവിഭാഗത്തിലെയും അഞ്ചുവീതം ഫാൽക്കണുകളിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന സാറ്റലൈറ്റ് ട്രാക്കിങ് ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഫാൽക്കണുകളുടെ പുനരധിവാസരീതികൾ മെച്ചപ്പെടുത്താൻ ഇവയിലൂടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.