സൗദി അറേബ്യയില്‍ ‘യോഗ’ പ്രചരിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും മുന്‍കൈ എടുത്തതിന് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ പരമോന്നത ബഹുമതികളില്‍ നാലാം സ്ഥാനമുള്ള പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച അറബ് യോഗാ ഫൗണ്ടേഷന്‍ സ്ഥാപകയായ സൗദി വനിത നൗഫ് അല്‍ മര്‍വായിയെ പരിചയപ്പെടുക..
ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദമെടുത്ത സൗദി യുവതി നൗഫ് മുഹമ്മദ് അല്‍മര്‍വായ് പത്തൊമ്പതാം വയസ്സില്‍ യോഗാഭ്യാസിയായി. യോഗാ രീതികളില്‍ കഠിനമെന്നു കരുതുന്ന ഹഠയോഗ പോലും ഇവര്‍ക്ക് അനായാസം വഴങ്ങി. ഒപ്പം ആരോഗ്യശാഖയുടെ ആദിമശിഖരമായ ആയുര്‍വേദം ആഴത്തില്‍ സ്വാധീനിക്കുകയും ചെയ്തു. യോഗയോടും ആയുര്‍വേദത്തോടുമുള്ള അഗാധമായ അഭിനിവേശം ഈ രണ്ടു ശാസ്ത്രശാഖകളുടേയും വേരുകള്‍ കേരളത്തില്‍ നിന്ന് സൗദി അറേബ്യയുടെ മണ്ണിലേക്ക് പറിച്ചുനടാന്‍ നൗഫിനെ പ്രേരിപ്പിച്ച കഥ കൂടിയാണിത്.
യോഗയും ആയുര്‍വേദവും തന്റെ ജീവിതശൈലിയെ മാറ്റി മറിച്ച ചരിത്രം, ജിദ്ദ കിംഗ് റോഡിലെ മനോഹരമായ വില്ലയിലിരുന്ന് അവര്‍ പങ്ക് വെച്ചു. ഔഷധങ്ങളുടേയും കിഴി ചികില്‍സയുടേയും നാടന്‍ മരുന്നുകളുടേയും കൊച്ചുലോകം അവര്‍ തന്റെ വില്ലയുടെ ഔട്ട്ഹൗസില്‍ സജ്ജീകരിച്ചിരിക്കുന്നു. ഉഴിച്ചില്‍, തിരുമ്മല്‍, ഞവരക്കിഴി, ശിരോവസ്തി എന്നിവയെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിയിരിക്കുന്നു, നൗഫ്.
സമാന്തര ചികില്‍സാ പദ്ധതികള്‍ക്ക് പലതിനും സൗദിയില്‍ സാങ്കേതിക പരിമിതികളുണ്ടെങ്കിലും പുരാതന അറബ് ഗോത്രവര്‍ഗ ചികില്‍സാശാഖകളും ഹെര്‍ബല്‍, ഹോമിയോ, യുനാനി, ചൈനീസ് രീതികളും പഠിക്കാനും സംരക്ഷിക്കാനും ആരോഗ്യമന്ത്രാലയം മുന്‍കൈയടുത്ത് നാഷനല്‍ സെന്റര്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് ആന്റ് കോംപ്ലിമെന്ററി മെഡിസിന്‍ എന്ന ഏജന്‍സിക്ക് രൂപം നല്‍കിയിട്ടുണ്ട്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ശാഖകള്‍ക്ക് ഇവിടെ ചികില്‍സാനുമതി ലഭിച്ചതും ഈയൊരു പശ്ചാത്തലത്തിലാണ്.
സമാന്തര ചികില്‍സാ കേന്ദ്രത്തില്‍ എത്തുന്നവരില്‍ അധികവും സൗദികളാണ്. ആയുര്‍വേദത്തിന്റെ ആരോഗ്യപുണ്യത്തെക്കുറിച്ച് അറിവുള്ള അവരില്‍ ധാരാളം സ്ത്രീകളുമുണ്ട്.. ഗള്‍ഫ് യോഗാ അലയന്‍സ് എന്ന യോഗാസനാ കൂട്ടായ്മയുടെ ഗള്‍ഫ് മേഖലാ റീജ്യനല്‍ ഡയരക്ടര്‍ കൂടിയായ നൗഫ് സേവനനിരതയായി ഈ രംഗത്ത് കൂടുതല്‍ സംഭാവനകള്‍ നല്‍കാനുള്ള തിരക്കിലാണ്. ആയുര്‍വേദചികില്‍സ തേടി കേരളത്തിലേക്ക് പോകുന്ന സൗദികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഔദ്യോഗികാനുമതിയോടെ ഇവിടെത്തന്നെ തുടങ്ങുന്നത് ആശാവഹമായിരിക്കുമെന്നും നൗഫ് വളരെ മുമ്പേ കരുതിയിരുന്നു.
അറബ് ആയോധനകലയയില്‍ അതിവിദഗ്ധനും അറബ് മാര്‍ഷല്‍ ആര്‍ട്സ് ഫെഡറേഷന്റെ സ്ഥാപകനുമായ മുഹമ്മദ് അല്‍ മര്‍വായിയുടെ മകളായ നൗഫ് ചെറുപ്പം തൊട്ടേ കളരിപ്പയറ്റ് പോലുള്ള കേരളീആയോധനവിദ്യകളെക്കുറിച്ചും ഇന്ത്യന്‍ ചികില്‍സാരീതികളെക്കുറിച്ചും വായിച്ചറിഞ്ഞു. പല തവണ കേരളമടക്കം ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിച്ചു. എണ്‍പതുകളില്‍ സൗദിക്കു പുറമെ ടുണീഷ്യയിലും ഈജിപ്തിലും മുഹമ്മദ് അല്‍ മര്‍വായ് ആയോധനകലാ പഠനകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. യോഗാ രംഗത്തെ സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് നൗഫ് അല്‍മര്‍വായിക്ക് കേന്ദ്രസര്‍ക്കാര്‍
2018 ല്‍ പദ്മശ്രീ പുരസ്‌കാരം നല്‍കിയത്. ഒരു വിദേശിക്ക് നാലാമത്തെ വലിയ
ദേശീയ പുരസ്‌കാരം നമ്മുടെ രാജ്യം നല്‍കിയ അപൂര്‍വത കൂടിയായിരുന്നു അത്. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നാണ് നൗഫ് അല്‍ മര്‍വായ് പജ്മശ്രീ ബഹുമതി സ്വീകരിച്ചത്. ഇന്ത്യയിലും സൗദിയിലും അവര്‍ക്ക് യോഗാപ്രേമികള്‍ സ്വീകരണം നല്‍കി.
ശ്വസനനിയന്ത്രണത്തിലൂടെ യോഗ പരിശീലിച്ചു തുടങ്ങിയ തന്നെ യോഗാസനരീതികളുടെ വൈവിധ്യം ആകര്‍ഷിച്ചു. ഇന്ത്യന്‍ ഗുരുവിന്റെ സാന്നിധ്യത്തില്‍ യോഗയുടെ എല്ലാ പ്രാഥമിക രീതികളും ഒരു വര്‍ഷത്തിനകം പഠിക്കാന്‍ സാധിച്ചു. മനസ്സിന്റേയും ശരീരത്തിന്റേയും ഇച്ഛകളെ ക്രമീകരിക്കാനുള്ള യോഗയുടെ സിദ്ധിയില്‍ ആകര്‍ഷിച്ചാണ് നൗഫ് തിരുവനന്തപുരത്തും കണ്ണൂരിലുമെത്തിയത്. മസ്തിഷ്‌ക്കത്തെപ്പോലും നിയന്ത്രിക്കുന്ന കുണ്ഡലിനിയെ ഉണര്‍ത്തുന്ന യോഗയുടെ അതീന്ദ്രിയ പാഠങ്ങള്‍ നൗഫില്‍ വലിയ മാറ്റം വരുത്തി. യോഗാപഠനം ക്രമേണ ആയുര്‍വേദത്തിന്റെ അനന്തമായ അറിവുകളിലേക്ക് വാതില്‍ തുറന്നു കൊടുത്തു. ഇന്ത്യന്‍ നഗരങ്ങളിലെ നീണ്ട സഞ്ചാരത്തിനിടെ നിരവധി യോഗാചാര്യന്‍മാരുമായും ആയുര്‍വേദ വൈദ്യന്‍മാരുമായും നൗഫ് സൗഹൃദം സ്ഥാപിച്ചു.
സൗദിയില്‍ തിരിച്ചെത്തിയ ശേഷം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റിയില്‍ മൂന്നു നാള്‍ നീണ്ടു നിന്ന യോഗാ വര്‍ക്ക്ഷോപ്പിലെ മുഖ്യപ്രഭാഷകയായിരുന്നു നൗഫ്. സൗദി വനിതകള്‍ക്കിടയിലാണ് യോഗാ ചികില്‍സ ഏറെ ആകര്‍ഷിക്കപ്പെട്ടതെന്ന് നൗഫ് പറയുന്നു. നൗഫിന്റെ കീഴിലുള്ള നാനൂറ് വിദ്യാര്‍ഥിനികളില്‍ അമ്പതോളം പേര്‍ ഇതിനകം ഇവിടെ നിന്ന് യോഗാ കോഴ്സ് പൂര്‍ത്തിയാക്കി.
ബാപ്പ മുഹമ്മദ് അല്‍ മര്‍വായ് സൗദി ആഭ്യന്തരമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. സ്വയം പ്രതിരോധപദ്ധതിക്ക് 1990 ല്‍ കിംഗ് ഫഹദ് പുരസ്‌കാരം ലഭിച്ചിട്ടുള്ള ബാപ്പയാണ് തന്റെ പദ്ധതികളുടെ പിന്നിലെ ഏറ്റവും വലിയ ശക്തിയെന്ന് നൗഫ് ദ മലയാളം ന്യൂസിനോട് പറഞ്ഞു.
കേരളത്തേയും മലയാളികളേയും ഏറെ ഇഷ്ടപ്പെടുന്ന നൗഫിന്റെ മറ്റ് കേരള ഇഷ്ടങ്ങള്‍ ഇവയൊക്കെയാണ്: കലര്‍പ്പില്ലാത്ത കേരളീയ ഭക്ഷണം (അച്ചാറും പപ്പടവും നിര്‍ബന്ധം). മലയാളിമങ്കമാരുടെ നാടന്‍ വേഷവിധാനം, ശാസ്ത്രീയ സംഗീതം, കഥകളി, ഭാരതപ്പുഴ.
അതെ, ചെങ്കടലോരത്തെ ജിദ്ദയെന്ന ചരിത്രനഗരത്തിലിരുന്ന് കേരളത്തേയും കേരളീയ സംസ്‌കൃതിയേയും പ്രണയിക്കുന്ന നൗഫ് മുഹമ്മദ് അല്‍ മര്‍വായിക്ക് കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാട് ഒരു രണ്ടാം വീട് തന്നെയായി അനുഭവപ്പെടുന്നു. ഒഴിവുകാലം ഒത്ത് വരുമ്പോള്‍ അവര്‍ കേരളം കാണാന്‍ പറക്കുന്നു.