ഉമ്മുൽ ഖുവൈൻ: വർഷങ്ങളായി തുടരുന്ന പുരാവസ്തു പരിവേഷണത്തിൽ യുഎഇയുടെ പുരാതന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നഗരാവശിഷ്ടങ്ങൾ കണ്ടെത്തി. ഉമ്മുൽ ഖുവൈനിൽ അൽസിന്നിയ ദ്വീപിലെ ഗവേഷണത്തിലാണ് സുപ്രധാനമായ കണ്ടെത്തലുകളുണ്ടായത്. ഇത് ആറാം നൂറ്റാണ്ടിലെ പ്രസിദ്ധ നഗരമായ “തുവാമി “ൻ്റെ ഭാഗമാണെന്നാണ് വിദഗ്ധർ അനുമാനിക്കുന്നത്.
ഒരുകാലത്ത് മുത്ത് വ്യാപാരത്തിൽ പ്രസിദ്ധിയാർജിച്ച ഈ നഗരം മേഖലയുടെ തലസ്ഥാനമായിരുന്നു. പുരാതന അറബ് എഴുത്തുകളിൽ പരാമർശിക്കപ്പെട്ട നഗരം ആറാം നൂറ്റാണ്ടാണ്ടോടെ ” മഹാമാരിയായ പ്ലേഗും മറ്റു പ്രാദേശിക സംഘർഷങ്ങളും കാരണമായി നശിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.
അൽ സിന്നിയ ദ്വീപിലെ കുടിയേറ്റം നാലാം നൂറ്റാണ്ടിലാണ് ആരംഭിച്ചതെന്നാണ് അനുമാനിക്കപ്പെടുന്നത്. താമസത്തിന് ഉപയോഗിച്ചിരുന്ന വലിയ കെട്ടിടങ്ങൾ, ഇടുങ്ങിയ ഇടവഴികളുള്ള ചെറിയ നഗരഭാഗം ,സാമൂഹിക സംഘടന സംവിധാനം എന്നിങ്ങനെ വിവിധ അവശിഷ്ടഷങ്ങൾ കണ്ടെത്തിയവയിൽ ഉൾപ്പെടും.
ചെയർമാൻ ഷെയ്ഖ് മാജിദ് ബിൻ സഊദ് അൽ മുഅല്ലയുടെ നിർദ്ദേശമനുസരിച്ച് ഉമ്മുൽ ഖുവൈൻ ടൂറിസം – പുരാവസ്തു വകുപ്പാണ് ഇവിടെ ഗവേഷണം നടത്തിവരുന്നത്.വിവിധ പ്രാദേശിക അന്താരാഷ്ട്ര പങ്കാളികളും പദ്ധതിയിൽ ഭാഗമാകുന്നുണ്ട്.