ഇക്കാലമത്രയും നാം ആർജ്ജിച്ചെടുത്ത നന്മകളുടെയും നേട്ടങ്ങളുടെയും പിന്നാമ്പുറ വഴികൾ പരിശോധിച്ചു നോക്കിയാൽ അതിൽ ചെറുതല്ലാത്ത ഒരിടം വായനക്കുണ്ടെന്ന് കണ്ടെത്താനാവും. സാമൂഹിക പുരോഗതിയുടെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും അടിസ്ഥാന ശിലയായി വർത്തിച്ചതും മനുഷ്യന്റെ അക്ഷരങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശവും അഭേദ്യമായ ബന്ധവുമാണ്. സാമൂഹിക നിർമിതിയിലും സാംസ്കാരിക കൈമാറ്റങ്ങളിലും വായന എന്നും അതിന്റെതായ പങ്ക് അടയാളപ്പെടുത്തിയിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യം. അക്ഷരങ്ങൾ ഉപയോഗിച്ചു തുടങ്ങിയത് മുതൽ ആധുനികത ഇന്ന് എത്തിപ്പെട്ടിടം വരെയുള്ള സകല മാറ്റങ്ങളുടെയും നൈരന്തര്യങ്ങൾക്കൊപ്പം അരുചേർന്ന് സഞ്ചരിക്കാൻ വായനക്ക് ഇതുവരെയും സാധിച്ചിട്ടുണ്ട്. സർവോപരി നന്മയുടെ ഗുണഭോക്താക്കളായി മനുഷ്യനെ പരിവർത്തിച്ചെടുക്കുകയെന്ന സാംസ്കാരിക ദൗത്യമാണ് വായനയും പുസ്തകങ്ങളും എക്കാലത്തും നിർവഹിച്ചു കൊണ്ടിരിക്കുന്നത്.
അജ്ഞത ഇരുൾമറ തീർത്ത കരിങ്കൽ തടവറകളിൽ നിന്ന് വെളിച്ചത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സ്വഛന്ദമായ പ്രതലത്തിലേക്കുള്ള മോചന മാർഗ്ഗമാണ് വായന. അക്ഷരങ്ങളുടെ വഴിത്താരകളിലത്രയും ഹൃദ്യമായി നമ്മെ എതിരേൽക്കുന്നത് കായ്ഖനികൾ കനം തൂങ്ങിനിൽക്കുന്ന ഫലവൃക്ഷങ്ങളാണ്. വായനയുടെ ചിറകിലേറി ഒരാൾ പറക്കുന്നത് അതിരുകളില്ലാത്ത ആകാശത്തിന്റെ അനന്തതയിലേക്കാണ്. അങ്ങേയറ്റത്തെ ആത്മവിശ്വാസവും ഉൾക്കരുത്തും പ്രദാനം ചെയ്യുന്നതോടൊപ്പം തുല്യതയില്ലാത്ത നിരന്തര നവീകരണ പ്രവൃത്തികൾ കൂടി വായന ഏറ്റെടുക്കുന്നുണ്ട്. അറിവിന്റെ ചക്രവാളങ്ങൾ കീഴടക്കാമെന്നതിനപ്പുറം പരന്ന വായനയിലൂടെ സാധ്യമാകുന്നത് മനുഷ്യ വർഗ്ഗത്തിന്റെ തന്നെ ഉന്നതമായ വികാസവും വളർച്ചയുമാണ്. കണ്ടെത്തലുകൾക്കായ് ഗണിച്ചെടുക്കുന്ന ബോധങ്ങളുടെയും ധാരണകളുടെയും പ്രധാന ഉറവിടവും വായന തന്നെയാണ്. തുരുമ്പെടുക്കുന്ന മനസ്സിനെ സ്ഫുടം ചെയ്തെടുത്ത് ജ്വലിപ്പിച്ചു നിർത്താനും ജീവസ്സുറ്റതാക്കിത്തീർക്കാനും വായന സഹായിക്കുന്നു. ശാരീരികാരോഗ്യത്തിന് വ്യായാമമെന്ന പോലെ മാനസികാരോഗ്യത്തിന് വായന അത്യന്താപേക്ഷിതമാണ്.
ചരിത്രത്തിന്റെ ഏടുകളിൽ അടയാളപ്പെട്ട മഹാപുരുഷന്മാരെല്ലാം പുസ്തകങ്ങളെ നെഞ്ചോട് ചേർത്തുപിടിച്ചവരായിരുന്നു. നേരും നെറികേടുമെന്ന വൈജാത്യത്തിനപ്പുറം അവർ നിർമിച്ചെടുത്ത തങ്ങളുടെതായ ഇടങ്ങളെ അക്ഷരങ്ങൾ എന്തുമാത്രം സ്വാധീനിച്ചു എന്നതിന്റെ നേരുദാഹരണങ്ങളാണ് അവരുടെ ജീവിതങ്ങൾ. അലക്സാണ്ടർ, നെപ്പോളിയൻ ബോണപ്പാട്ട്, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, അംബേദ്കർ, അബുൽ കലാം ആസാദ് തുടങ്ങിയവരൊക്കെ ആ പട്ടികയിലെ പ്രധാനികളാണ്. ബിൽ ഗേറ്റ്സ് വർഷത്തിൽ അമ്പത് പുസ്തകങ്ങൾ വായിക്കുമായിരുന്നത്രെ. എലോൺ മസ്ക് ദിവസം പത്തു മണിക്കൂർ വായിച്ചു. വാറൻ ബഫറ്റ് പ്രസിഡന്റാവും മുമ്പ് അഞ്ഞൂറ് പേജ് വായിച്ചിരുന്നു.
മലയാളികൾ പൊതുവെ വായനാ പ്രിയരാണെന്ന നമ്മുടെ പതിവു ചൊല്ലുകളിലും യാഥാർത്ഥ്യമില്ലാതില്ല. വായിച്ചില്ലെങ്കിലും ഒരു തവണയെങ്കിലും കണ്ണോടിച്ചില്ലെങ്കിൽ അസ്വസ്ഥമാകുന്നത് തന്നെയാണ് മലയാളി മനസ്സുകളിലധികവും. ഡിജിറ്റൽ കാലത്തും വായനയുടെ വസന്തങ്ങൾ പൂക്കൾ വിടർത്തുക തന്നെയാണ്. നാടുനീളെ ഉയർന്നു വരുന്ന വായനശാലകളും ദിനംപ്രതി പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങളും വർദ്ധിച്ചു വരുന്ന എഴുത്തുകാരുമെല്ലാം വായന മരിച്ചിട്ടില്ലെന്നതിന്റെ നേർസാക്ഷ്യങ്ങളാവുന്നുണ്ട്. സമയമില്ലെന്ന പരിഭവങ്ങൾക്കും പരാതികൾക്കുമിടയിലും മൊബൈൽ വായനകൾ ഏതാണ്ട് സജീവമാണ്. ഏതെങ്കിലും നിലക്ക് അക്ഷരങ്ങളോട് ചങ്ങാത്തം കൂടാത്ത മനുഷ്യൻ തന്നെയിന്ന് തുലോം വിരളമാണെന്ന് ചുരുക്കം. കല്ലിലും എല്ലിലും ഗുഹാമുഖങ്ങളിലും താളിയോലകളിലും ആശയങ്ങൾ കോറിയിട്ട പൗരാണിക കാലമുണ്ടായിരുന്നു. കടലാസിലേക്കും അതിൽ നിന്ന് അച്ചടിയിലേക്കും ചുവടു വെച്ച നാം ഇന്ന് പരിധികളില്ലാത്ത വായനയിലേക്കാണ് ചിറകടിച്ചു കൊണ്ടിരിക്കുന്നത്.
തെറ്റായ വായനയും അർത്ഥ കൽപനകളും സമൂഹത്തെ ഛിദ്രതയിലേക്കും സ്ഫോടനാത്മകമായ സ്ഥിതി വിശേഷങ്ങളിലേക്കും വഴി നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. അവ ജനിപ്പിക്കുന്ന സംശയ വിത്തുകൾ അതിവേഗം മുളച്ച് അപകടം വിതറുകയാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തും അത് നാം കണ്ടതാണ്. വരികളിലൂടെ മാത്രം വായിക്കേണ്ടതും വരികൾക്കപ്പുറത്തേക്ക് വളച്ചൊടിച്ച് അർത്ഥം കണ്ടെത്തുന്നതിന്റെ അനന്തര ദുരന്തമാണിത്. കലാപത്തിനും കലഹത്തിനും പഴുത് തേടിയുളള വായന സോഷ്യൽ മീഡിയാ കാലത്തിന്റെ ശാപമായി മാറുന്നുണ്ട്.
വായന ഒരു സംസ്കാരമായിത്തീരണം. ലൈബ്രറികൾ നാടിന്റെ ഹൃദയ താളമാകണം. വായനയിലൂടെ ചിന്തകളുടെ ചിറക് മുളപ്പിച്ച് യഥേഷ്ടം പറന്നുല്ലസിക്കണം. അർത്ഥമുള്ള വായനയിലൂടെ ജീവിത വിജയത്തിന്റെ ഉന്നതങ്ങൾ കയ്യെത്തിപ്പിടിക്കാൻ കഴിയണം.. കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറ പാകിയ പി.എൻ പണിക്കരുടെ ചരമദിനമാണ് ജൂൺ 19. ഗ്രന്ഥശാലകളുടെ സംസ്ഥാപനത്തിനും വായനയുടയുടെ വളർച്ചക്കും അദ്ദേഹം വഹിച്ച പങ്കിനെ ഇത്തരുണത്തിൽ നമുക്ക് സ്മരിക്കാം.