അറഫ – ഇന്നലെ വൈകീട്ടു വരെ അറഫയില്‍ 210 ഹാജിമാര്‍ സൂര്യാഘാതവും കടുത്ത ചൂട് കാരണമായ ക്ഷീണം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളാലും അറഫയിലെ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുടകള്‍ ഉപയോഗിക്കണമെന്നും ശരീരത്തില്‍ വെയിലേല്‍ക്കാതെ നോക്കണമെന്നും ദ്രാവകങ്ങള്‍ ധാരാളമായി കുടിക്കണമെന്നും ആരോഗ്യ മന്ത്രാലയം ഹാജിമാരോട് ആവശ്യപ്പെട്ടിരുന്നു.
ഇത്തവണത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ഇന്നു വരെ 1,12,000 ലേറെ ഹജ് തീര്‍ഥാടകര്‍ ആരോഗ്യ സേവനങ്ങളും പരിചരണങ്ങളും നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 20 ഹാജിമാര്‍ക്ക് ഹൃദയം തുറന്നുള്ള ഓപ്പറേഷനുകളും 230 പേര്‍ക്ക് ആഞ്ചിയോപ്ലാസ്റ്റിയും വൃക്കരോഗികളായ ഹാജിമാര്‍ക്ക് 819 ഡയാലിസിസുകളും നടത്തി.
2,491 തീര്‍ഥാടകരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഇന്ന് സൗദിയില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് അറഫയിലാണ്, 47 ഡിഗ്രി സെല്‍ഷ്യസ്. മക്ക, അല്‍ഹസ, ദമാം എന്നിവിടങ്ങളില്‍ 46 ഡിഗ്രി വീതവും വാദിദവാസിറില്‍ 45 ഡിഗ്രിയും താപനില രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.