ജിദ്ദ – ഉത്തര ജിദ്ദയിലെ ഫൈസലിയ ഡിസ്ട്രിക്ടില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടം തകര്‍ന്ന് ഏഴു പേര്‍ മരണപ്പെടുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞ സാംസ്‌കാരിക മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അടക്കം നാലു പേരെ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു. മെയ് 30 ന് ആണ് ദുരന്തമുണ്ടായത്. പ്രാഥമികാന്വേഷണത്തില്‍ കെട്ടിട നിര്‍മാണ ലൈസന്‍സ് നേടിയതില്‍ അഴിമതി നടന്നതായി സൂചനകള്‍ ലഭിച്ചു.
മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ നിര്‍ദേശാനുസരണം സംഭവത്തില്‍ അന്വേഷണം നടത്താന്‍ രൂപീകരിച്ച സമിതിയുമായി അതോറിറ്റി ഏകോപനം നടത്തി വിശദമായ അന്വേഷണം നടത്തിയതില്‍ നിന്ന് കെട്ടിടത്തില്‍ സാങ്കേതിക തകരാറുകളുണ്ടായിരുന്നതായി വ്യക്തമായി. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നിര്‍മാണ ജോലികള്‍ നിര്‍ത്തിവെച്ച് നഗരസഭയെ സമീപിക്കാന്‍ കെട്ടിട ഉടമയും സാംസ്‌കാരിക മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയുമായ സൗദി പൗരന്‍ ഫറാസ് ഹാനി ജമാല്‍ അല്‍തുര്‍ക്കിക്ക് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കെട്ടിട ഉടമ നിര്‍മാണ ജോലികള്‍ നിര്‍ത്തിവെക്കുകയോ നഗരസഭയെ സമീപിക്കുകയോ ചെയ്തില്ല.
കെട്ടിടത്തില്‍ രണ്ടു നിലകളും ഏറ്റവും മുകളില്‍ ടെറസ്സില്‍ ചെറിയ അപാര്‍ട്ട്‌മെന്റും കൂടി കൂട്ടിച്ചേര്‍ക്കാന്‍ സൗദി പൗരന്‍ മാജിദ് മുഹമ്മദ് ജമീല്‍ ബശ്‌നാഖിന്റെ ഉടമസ്ഥതയിലുള്ള എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി ഓഫീസുമായി കെട്ടിട ഉടമയുടെ നിയമാനുസൃത പ്രതിനിധിയായ സൗദി പൗരന്‍ ഫഹദ് ഹുസൈന്‍ അലി സന്‍ബഅ് കെട്ടിട നിര്‍മാണ കരാര്‍ ഏറ്റെടുത്ത യെമനി പൗരന്‍ മുഹമ്മദ് സാലിം അഹ്മദ് അല്‍ഹുസൈസി വഴി ആശയവിനിമയം നടത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ജിനീയറിംഗ് ഓഫീസിലെ ജീവനക്കാരില്‍ ഒരാള്‍ കെട്ടിടം പൊളിക്കാനും പിന്നീട് പുതിയ കെട്ടിടം നിര്‍മിക്കാനും വ്യാജ വിവരങ്ങള്‍ ഉള്‍പ്പെടുത്തി നഗരസഭക്ക് അപേക്ഷകള്‍ നല്‍കി. കെട്ടിടം പൊളിക്കാതെ, പൊളിച്ചതായി വ്യക്തമാക്കുന്ന, പ്രത്യേക പ്രോഗ്രാം ഉപയോഗിച്ച് നിര്‍മിച്ച ഫോട്ടോകളാണ് രണ്ടാമത്തെ അപേക്ഷക്കൊപ്പം സമര്‍പ്പിച്ചത്. ഇതിന് കെട്ടിട ഉടമ തന്റെ നിയമാനുസൃത പ്രതിനിധി വഴി എന്‍ജിനീയറിംഗ് ഓഫീസ് ജീവനക്കാരന് 50,000 റിയാല്‍ കൈക്കൂലി നല്‍കി. തുടര്‍ന്ന് കെട്ടിടത്തില്‍ കരാറുകാരന്‍ മുകള്‍ നിലകള്‍ നിര്‍മിക്കുകയായിരുന്നു. ഇത് ഫില്ലറുകള്‍ക്ക് താങ്ങാനാകാത്തവിധം കെട്ടിടത്തിന്റെ ഭാരം വര്‍ധിപ്പിക്കുകയും ഇതിന്റെ ഫലമായി കെട്ടിടം തകരുകയുമായിരുന്നു.
നിയമ വിരുദ്ധമായി കെട്ടിട നിര്‍മാണ ലൈസന്‍സ് ലഭിക്കാന്‍ 50,000 റിയാല്‍ കൈക്കൂലി നല്‍കിയതായി കെട്ടിട ഉടമ കൂടിയായ സാംസ്‌കാരിക മന്ത്രാലയ അണ്ടര്‍ സെക്രട്ടറി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കെട്ടിട ഉടമക്കു പുറമെ ഇദ്ദേഹത്തിന്റെ നിയമാനുസൃത പ്രതിനിധിയെയും എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി ഓഫീസ് ഉടമയെയും കരാറുകാരനായ യെമനിയെയും അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു. മൂന്നു ദിവസം നീണ്ട തിരച്ചിലുകളിലൂടെയും രക്ഷാപ്രവര്‍ത്തനത്തിലൂടെയുമാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടന്ന മൃതദേഹങ്ങളും പരിക്കേറ്റവരെയും സിവില്‍ ഡിഫന്‍സിന് പുറത്തെടുക്കാന്‍ സാധിച്ചിരുന്നത്.