മിന – ഹജിനിടെ രാഷ്ട്രീയവും അനാവശ്യവുമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് കേണല്‍ ത്വലാല്‍ ശല്‍ഹോബ് പറഞ്ഞു. ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ഹജ് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുല്‍ഹജ് ഒന്നു മുതല്‍ ഇന്നു വരെ മക്ക പ്രവിശ്യയിലെ ഏകീകൃത സുരക്ഷാ കണ്‍ട്രോള്‍ റൂമില്‍ (911) 2,82,450 കോളുകള്‍ ലഭിച്ചു. ഇവക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ പരിഹാരം കണ്ടു. ഹജ് സീസണ്‍ അവസാനിക്കുന്നതു വരെ പുണ്യസ്ഥലങ്ങള്‍ക്കു ചുറ്റും കനത്ത സുരക്ഷാ വലയം തീര്‍ക്കുന്നത് തുടരും. ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ പെര്‍മിറ്റുകള്‍ നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ മക്കയുടെ മുഴുവന്‍ പ്രവേശന കവാടങ്ങളിലും വിശുദ്ധ ഹറമിലേക്കുള്ള റോഡുകളിലും ഹജ് സുരക്ഷാ സേന ശക്തമായ പരിശോധനകള്‍ തുടരും.
ഇത്തവണത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ഇതുവരെ 160 വ്യാജ ഹജ് സര്‍വീസ് സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്്. പതിനഞ്ചു ദിവസത്തിനിടെ ആവശ്യമായ പെര്‍മിറ്റുകള്‍ ഇല്ലാത്തതിന്റെ പേരില്‍ മക്കയുടെ പ്രവേശന കവാടങ്ങളില്‍ വെച്ച് 1,35,098 വാഹനങ്ങള്‍ തിരിച്ചയച്ചു. മക്ക നിവാസികളല്ലാത്ത 2,50,381 പേരെയും തിരിച്ചയച്ചു. ഇഖാമ, തൊഴില്‍ നിയമ ലംഘകരും നുഴഞ്ഞുകയറ്റക്കാരുമായ 6,135 പേരെ മക്കയില്‍ നിന്ന് പിടികൂടി. ദുല്‍ഖഅ്ദ 15 മുതല്‍ ഇന്നു വരെ 2,56,481 വിസിറ്റ് വിസക്കാരെ മക്കയില്‍ നിന്ന് പുറത്താക്കുകയും മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തിരിച്ചയക്കുകയും ചെയ്തു.
ദുല്‍ഖഅ്ദ 25 മുതല്‍ ദുല്‍ഹജ് ഏഴു വരെയുള്ള ദിവസങ്ങളില്‍ ഹജ് പെര്‍മിറ്റില്ലാത്തവരെ കടത്താന്‍ ശ്രമിച്ച 159 ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്ത് ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. ശരീഅത്തിന്റെ ഉദ്ദേശ്യങ്ങളില്‍ നിന്നും ആരാധനയുടെ ആത്മീയതയില്‍ നിന്നും ഹജിന്റെ പവിത്രയില്‍ നിന്നും അകന്ന് രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ വേദിയാക്കി പുണ്യസ്ഥലങ്ങളെ മാറ്റാനും ഹജ് തീര്‍ഥാടകരുടെ സുരക്ഷക്ക് ഭംഗം വരുത്താനുമുള്ള ഒരു ശ്രമവും സൗദി അറേബ്യ അനുവദിക്കില്ല. ഇത് ലംഘിക്കുന്നവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group