റോം: മനുഷ്യൻ ജീവിക്കണോ മരിക്കണോയെന്ന് തീരുമാനിക്കുന്നത് യന്ത്രങ്ങളാകരുതെന്നും എ.ഐ സാങ്കേതികവിദ്യയെ വിവേകത്തോടെ ഉപയോഗിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ. ഒരേസമയം ആവേശവും ഭീഷണിയുമാണ് നിർമിത ബുദ്ധി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജി 7 ഉച്ചകോടിയിലെ നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട സെഷനിലാണ് പോപ്പ് ഇക്കാര്യം പറഞ്ഞത്.
മനുഷ്യന്റെ ജീവൻ അപഹരിക്കാനായി ഒരു യന്ത്രത്തെയും അനുവദിക്കരുത്. മറിച്ചാണെങ്കിൽ മനുഷ്യരാശിയെയും മാനുഷിക അന്തസ്സെന്ന സങ്കൽപ്പത്തെയും ഇരുട്ടിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ ഉപകരണങ്ങൾ നിരോധിക്കണം. സായുധ പോരാട്ടങ്ങൾ ദുരന്തം വിതയ്ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് എ.ഐ നിയന്ത്രിക്കുന്ന ആയുധങ്ങൾ വികസിപ്പിക്കുന്നതും ഉപയോഗിക്കുന്നതും പുനർവിചിന്തനം ചെയ്യേണ്ടതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വൈദ്യശാസ്ത്രം, തൊഴിൽ ശക്തി, ആശയവിനിമയം, വിദ്യാഭ്യാസം, രാഷ്ട്രീയം എന്നിവയെ എ.ഐ സ്വാധീനിക്കും. ഒരേസമയം ഭയപ്പെടുത്താനും ആകർഷിക്കാനും കഴിയും. പുതിയ സാമൂഹിക വ്യവസ്ഥ, ജനാധിപത്യവൽക്കരണം, ശാസ്ത്രീയ ഗവേഷണത്തിനെ ത്വരിതപ്പെടുത്തുക എന്നിവയ്ക്ക് പുറമേ അനീതിയും ആധിപത്യവും സ്ഥാപിക്കാനും ആളുകളെ ഇത് ഒരേസമയം പ്രേരിപ്പിക്കുന്നുണ്ടെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group