കൊച്ചി: കുവൈത്തിലുണ്ടായ തീ പിടുത്തത്തിൽ മരിച്ച 45 ഇന്ത്യക്കാരിൽ 30 പേരുടെ മൃതദേഹമാണ് ഇന്ന് രാവിലെ 10.29-ഓടെ നെടുമ്പാശ്ശേരിയിൽ എത്തിച്ചത്. ഇതിൽ 23 പേർ മലയാളികളും ഏഴുപേർ തമിഴ്‌നാട് സ്വദേശികളുമാണ്.
കർണ്ണാടക സ്വദേശിയുടെ മൃതദേഹം നെടുമ്പാശ്ശേരിയിൽ ഇറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് ഇവിടെ ഇറക്കിയിട്ടില്ല. പ്രസ്തുത മൃതശരീരം വിമാനത്തിൽ നേരിട്ട് കർണ്ണാടകയിലേക്കുതന്നെ കൊണ്ടുപോകുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം.
പത്തനംതിട്ട സ്വദേശികളായ സിബിൻ എബ്രഹാം, മുരളീധരൻ നായർ, ആകാശ് ശശിധരൻ നായർ, സാജു വർഗീസ്, തോമസ് ചിറയിൽ ഉമ്മൻ, കണ്ണൂർ സ്വദേശികളായ വിശ്വാസ് കൃഷ്ണൻ, നിതിൻ, അനീഷ് കുമാർ, മലപ്പുറം സ്വദേശികളായ ബാഹുലേയൻ, നൂഹ്, തിരുവനന്തപുരം സ്വദേശികളായ ശ്രീജേഷ് തങ്കപ്പൻ നായർ, അരുൺ ബാബു, കാസർകോട് സ്വദേശികളായ രഞ്ജിത്, കേളു പൊൻമലേരി, കൊല്ലം സ്വദേശികളായ സുമേഷ് സുന്ദരൻ പിള്ള, ലൂക്കോസ്, സാജൻ ജോർജ്, ഷമീർ ഉമറുദ്ദീൻ, കോട്ടയം സ്വദേശികളായ ശ്രീഹരി പ്രദീപ്, സ്റ്റെഫിൻ എബ്രഹാം സാബു, ഷിബു വർഗീസ്, ആലപ്പുഴ സ്വദേശിയായ മാത്യു തോമസ്, തൃശൂർ സ്വദേശിയായ ബിനോയ് തോമസ് എന്നിവരാണ് മരിച്ച മലയാളികൾ.
തൂത്തുക്കുടി ജില്ലയിൽ നിന്നുള്ള വീരച്ചാമി മാരിയപ്പൻ, കടലൂർ ജില്ലയിൽ നിന്നുള്ള കൃഷ്ണമൂർത്തി ചിന്നദുരൈ, ചെന്നൈ സ്വദേശി ഗോവിന്ദൻ ശിവശങ്കർ, ട്രിച്ചി ജില്ലയിൽ നിന്നുള്ള രാജു എബമേശൻ, തഞ്ചാവൂർ ജില്ലയിൽ നിന്നുള്ള ഭുനാഫ് റിച്ചാർഡ്, രാമനാഥപുരം ജില്ലയിൽ നിന്നുള്ള കറുപ്പണ്ണൻ രാമു, വില്ലുപുരം ജില്ലയിൽ നിന്നുള്ള മുഹമ്മദ് ഷെരീഫ് എന്നിവരാണ് മരിച്ച തമിഴ്‌നാട് സ്വദേശികൾ.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ, തമിഴ്‌നാട് മന്ത്രി, ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങി അന്ത്യാഞ്ജലി അർപ്പിച്ചു. കുവൈത്തിൽ ബുധനാഴ്ച നാലു മണിയോടെയുണ്ടായ തീപിടിത്തത്തിൽ ഇതിനകം 50 പേരാണ് മരിച്ചത്. ഇന്ത്യക്കാർക്കു പുറമെ നാല് ഫിലിപ്പീനികളാണ് മരിച്ചത്. 23 മലയാളികൾക്കു പുറമെ ഏഴ് പേർ തമിഴ്‌നാട് സ്വദേശികളും രണ്ട് വീതം ആന്ധ്രാപ്രദേശ്, ഒഡീഷ സ്വദേശികളും ബിഹാർ, മധ്യപ്രദേശ്, കർണാടക, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് മരിച്ചത്.
മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ രണ്ടുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് കേരളാ സർക്കാരും തമിഴ്‌നാട് സർക്കാരും അഞ്ച് ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും സംസ്ഥാന സർക്കാർ തീരുമാനമാനിച്ചിട്ടുണ്ട്. വ്യവസായ പ്രമുഖരായ എം.എ യൂസഫലി അഞ്ച് ലക്ഷവും രവി പിള്ള രണ്ട് ലക്ഷവും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group