കൊച്ചി – മലയാളികളുടെ പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈത്ത് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ജീവനാടിയായാണ് പ്രവാസികളെ നാം കാണുന്നത്. കുടുംബങ്ങള്‍ക്കുണ്ടായത് തീരാ നഷ്ടമാണ്. കുവൈത്ത് സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിച്ചുവെന്നാണ് മനസ്സിലാക്കുന്നത്. തുടര്‍നടപടികള്‍ കുറ്റമറ്റ രീതിയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രസര്‍ക്കാരും വേണ്ട രീതിയില്‍ ഇടപെട്ടു. വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് നേരിട്ട് പോകുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വീകരിച്ച നടപടികള്‍ ഫലപ്രദമാണ്. ഈ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രസര്‍ക്കാരും ഇതിന്റെ വേഗം കൂട്ടാന്‍ ശ്രമിക്കണം. ആ കുടുംബങ്ങളെ എത്ര കണ്ട് സഹായിച്ചാലും മതിയാകില്ല. ഞെട്ടലോടെയാണ് നാടാകെ ഈ വാര്‍ത്ത കേട്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുവൈത്ത് അപകടത്തില്‍ മരിച്ച പ്രവാസികളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ കൊച്ചിയിലെത്തിയതാണ് മുഖ്യമന്ത്രി.
ഒരു കാര്യത്തില്‍ ശരിയല്ലാത്ത സമീപനം ഉണ്ടായെന്ന് മന്ത്രി വീണാ ജോര്‍ജിന് കുവൈറ്റിലേക്കുള്ള യാത്രാനുമതി നിഷേധിച്ചതില്‍ മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാല്‍ വിവാദത്തിനുള്ള സമയമല്ലെന്നും ഇതില്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.