കൊച്ചി: കുവൈത്തിലെ ലേബർ ഫ്‌ളാറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വഹിച്ചുള്ള പ്രത്യേക വിമാനം നെടുമ്പാശ്ശേരിയിലെത്തിച്ചു. ജീവിതം കരുപിടിപ്പിക്കാൻ മരുഭൂമിയിലെത്തി തീയിൽ പൊലിഞ്ഞുപോയ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ വളരെ നേരത്തെ തന്നെ കുടുംബാംഗങ്ങൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. ചേതനയറ്റ ശരീരം നിറക്കണ്ണുകളോടെയാണ് കേരളം ഏറ്റുവാങ്ങിയത്.
എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ച ശേഷം വേഗത്തിൽ അതത് സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള തീവ്രനീക്കങ്ങളാണ് വിമാനത്താവളത്തിൽ ഇപ്പോൾ പുരോഗമിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ, മറ്റു ജനപ്രതിനിധികൾ, നോർക്ക ഉദ്യോഗസ്ഥർ എന്നിവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും വിമാനത്തിലുണ്ട്. 23 മലയാളികളും ഏഴു തമിഴ്‌നാട് സ്വദേശികളും ഒരു കർണ്ണാടക സ്വദേശിയുമുൾപ്പെടെ 31 മൃതദേഹമാണ് ഇവിടെ എത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അതിനിടെ, ആരോഗ്യമന്ത്രി വീണാ ജോർജിന് കുവൈത്തിലേക്കുള്ള യാത്രാനുമതി നിഷേധിച്ചതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ വിവാദത്തിന്റെ സമയമല്ലെന്നും ഇപ്പോൾ അതിനേക്കാൾ കൂടുതൽ ഗൗരവപരമായി നാം ചെയ്യേണ്ട കാര്യം ചെയ്യുകയാണെന്നും ബാക്കി കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
കൊച്ചിയിൽനിന്നും മലയാളികളുടെയും തമിഴ്‌നാട് സ്വദേശികളുടെയും മൃതദേഹം പ്രത്യേകം ആംബുലൻസുകളിൽ വീടുകളിലെത്തിക്കാനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ 45 ഇന്ത്യക്കാരാണ് കുവൈത്തിലുണ്ടായ തീ പിടുത്തത്തിൽ മരിച്ചത്. ഓരോ ആംബുലൻസിനും പ്രത്യേകം അകമ്പടി വാഹനം ഒരുക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
ഇന്ന് രാവിലെ 10.29ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം കുവൈത്തിൽനിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. കഴിഞ്ഞദിവസം പുലർച്ചെ നാലോടെയാണ് കുവൈത്തിലെ മലയാളി ഉടമസ്ഥതയിലുള്ള എൻബിടിസി ഗ്രൂപ്പിന്റെ ലേബർ ക്യാമ്പിൽ തീപിടുത്തമുണ്ടായത്. തൊഴിലാളികൾ ഉറങ്ങിക്കിടക്കവെയായിരുന്നു അപകടം. സംഭവത്തിൽ അമ്പത് പേരാണ് ഇതിനകം മരിച്ചത്. ഒട്ടേറെ പേർക്ക് പുരുക്കുമുണ്ട്.
മംഗഫിലെ തീപിടിത്തത്തിൽ സുരക്ഷാവീഴ്ച ആരോപിച്ച് രണ്ടുപേരെ അറസ്സ് ചെയ്തതായി റിപ്പോർട്ടുണ്ട്. കുവൈത്ത് പൗരനെയും പ്രവാസിയേയുമാണ് അറസ്റ്റ് ചെയ്തത്. നരഹത്യയും അശ്രദ്ധ മൂലം അപകടമുണ്ടാക്കിയെന്നുമാണ് കേസ്.
അതേസമയം, തീ പിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സാങ്കേതിക പരിശോധനയും അന്വേഷണവും പൂർത്തിയായതിന് പിന്നാലെയാണ് ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജനറൽ ഫയർഫോഴ്‌സ് വിഭാഗം അറിയിച്ചത്. സാക്ഷികളിൽ നിന്നുള്ള വിവരശേഖരണം കഴിഞ്ഞദിവസം പൂർത്തിയാക്കിയതായും അന്വേഷണ സംഘം അറിയിച്ചു. താഴത്തെ നിലയിലെ ഗാർഡ് റൂമിലാണ് തീപിടിത്തമുണ്ടായത്. ഇത് സാങ്കേതിക പരിശോധനയിൽ നിന്ന് വ്യക്തമായതായും അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group