അജ്മാൻ: അജ്മാൻ ഫിഷർമെൻ അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളികൾക്ക് 50 ലക്ഷം ദിർഹം വിതരണം ചെയ്യാൻ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു .
ഈ സംഭാവന കേവലം സാമ്പത്തിക സഹായം മാത്രമല്ല ,പ്രത്യാശയുടെ വെളിച്ചമാണെന്ന് അധികൃതർ പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന കാര്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ചുവടുവെപ്പാണ് സംഭാവന. മത്സ്യത്തൊഴിലാളികൾക്ക് മാത്രമല്ല അവരുടെ കുടുംബത്തിനും ഇത് മാന്യമായ ജീവിതം ഉറപ്പാക്കുന്നു എന്ന് അജ്മാൻ കിരീടാവകാശിയുടെ ഓഫീസ് തലവനും അജ്മാൻ മത്സ്യത്തൊഴിലാളി അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ അഹമ്മദ് ഇബ്രാഹിം റാഷിദ് അൽ ഗംസാലി പറഞ്ഞു.
ഈ പിന്തുണ മൽസ്യബന്ധന തൊഴിൽ മെച്ചപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉപകരിക്കും. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ആർക്കൊക്കെ ഏത് രീതിയിലാണ് പണം വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.