തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സിബി കാട്ടാമ്പള്ളി(63) അന്തരിച്ചു. രാവിലെ 11.30 ന് കോസ്മോപൊളിറ്റന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം പ്രസ്ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ഡയറക്ടര്‍ ആയിരുന്നു.
മലയാള മനോരമയുടെ വിവിധ യൂണിറ്റുകളില്‍ മൂന്ന് പതിറ്റാണ്ട് പ്രവര്‍ത്തിച്ച അദ്ദേഹം 2020ല്‍ തിരുവനന്തപുരം യൂണിറ്റില്‍ നിന്ന് അസിസ്റ്റന്റ് എഡിറ്ററായി വിരമിച്ചു. കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ പോലീസ് നടത്തിയ അതിക്രമങ്ങള്‍ പുറം ലോകത്തെ അറിയിച്ചത് സിബി കാട്ടാമ്പള്ളിയുടെ “സ്കൂപ്പ്’ ആണ്. പിന്നീട് പിയുസിഎല്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.
ഗ്രാമീണ റിപ്പോര്‍ട്ടിംഗിനുള്ള സ്റ്റേറ്റ്സ്മാന് പുരസ്കാരം രണ്ട് തവണ സിബി കാട്ടാമ്പള്ളിയ്ക്ക് ലഭിച്ചിട്ടുണ്ട്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള ലാഡ്ലി മീഡിയ ദേശീയപുരസ്കാരവും ഫ്രാന്‍സിലെ ക്ലബ് ഓഫ് പ്രസ് ആന്‍ഡ് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് ഏര്‍പ്പെടുത്തിയ ഫ്രഞ്ച് ഫ്രീഡം പ്രൈസും അദ്ദേഹം നേടി.
യൂറോപ്യന്‍ കമ്മിഷന്റെ ലോറന്‍സോ നടാലി ഇന്റര്‍നാഷണല്‍ പ്രൈസ് നേടിയ ഏക ദക്ഷിണേന്ത്യന്‍ പത്രപ്രവര്ത്തകന് കൂടിയാണ് സിബി കാട്ടാമ്പള്ളി. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയും റോയിട്ടേഴ്സ് ഫൗണ്ടേഷനും ചേര്‍ന്ന് നല്കുന്ന ജോണ്‍ എസ്. നൈറ്റ് ഫെലോഷിപ്പ് നേടിയ കേരളത്തില്‍ നിന്നുള്ള ഏക പത്രപ്രവര്‍ത്തകനും അദ്ദേഹമാണ്.