ജിദ്ദ – ജിദ്ദയിലും ദമാമും തീരദേശ നഗരങ്ങളായിട്ടും ശൈത്യകാലത്ത് ജിദ്ദയില്‍ ദമാമിനെക്കാള്‍ ചൂട് കൂടാനും വേനല്‍ക്കാലത്ത് ചൂട് കുറയാനുമുള്ള കാരണങ്ങള്‍ അല്‍ഖസീം യൂനിവേഴ്‌സിറ്റി കാലാവസ്ഥാ വിഭാഗം മുന്‍ പ്രൊഫസറും സൗദി വെദര്‍ ആന്റ് ക്ലൈമറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ഡോ. അബ്ദുല്ല അല്‍മിസ്‌നദ് വെളിപ്പെടുത്തി. ശൈത്യകാലത്ത് ദമാം തണുത്തന്‍ വടക്കന്‍ വായുപിണ്ഡത്തിന്റെ സ്രോതസ്സുകളോട് ജിദ്ദയെക്കാള്‍ അടുത്തായിരിക്കും. തണുത്ത വായുപണ്ഡം ലക്ഷ്യസ്ഥാനത്തെത്തുന്നത് തടയുന്ന ഹിജാസ് പര്‍വതനിരകള്‍ പോലുള്ള തടസ്സങ്ങളും ദമാമിനു മുന്നിലില്ല. ഈ താരതമ്യം മിക്കവാറും മുഴുവന്‍ കിഴക്കന്‍, പടിഞ്ഞാറന്‍ തീരങ്ങള്‍ക്കും ബാധകമാണ്.
വേനല്‍ക്കാലത്ത് ജിദ്ദയില്‍ ദമാമിനെക്കാള്‍ താപനില നാലു മുതല്‍ അഞ്ചു ഡിഗ്രി വരെ കുറവായിരിക്കും. വസന്തകാലത്തും ശരത്കാലത്തും ജിദ്ദയിലും ദമാമിലും താപനില ഏറെക്കുറെ സമാനമായിരിക്കും. ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍, ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ദമാമില്‍ ജിദ്ദയെക്കാള്‍ തണുപ്പ് കൂടുതലായിരിക്കും. മെയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ജിദ്ദയില്‍ ദമാമിനെക്കാള്‍ ചൂട് കുറവായിരിക്കും. പൊതുവില്‍ താപനില ഉയരുന്ന ദിവസങ്ങള്‍ ദമാമിനെക്കാള്‍ കൂടുതല്‍ ജിദ്ദയിലാണ്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് ജിദ്ദ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം, ഏറ്റവും മോശം മാസം സെപ്റ്റംബറും. കാലാവസ്ഥാപരമായി ദമാം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ്, ഏറ്റവും മോശം മാസം ഓഗസ്റ്റും. പൊതുവില്‍, പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ദമാമിനെ അപേക്ഷിച്ച് ജിദ്ദയില്‍ ഈര്‍പ്പം കൂടുതലാണെന്നും ഡോ. അബ്ദുല്ല അല്‍മിസ്‌നദ് പറഞ്ഞു.