ന്യൂഡൽഹി: തൃശൂരിലെ മിന്നും വിജയത്തിന് പിന്നാലെ നടൻ സുരേഷ് ഗോപി മൂന്നാം നരേന്ദ്ര മോഡി സർക്കാറിൽ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാത്രി 9.05-ഓടെയാണ് അദ്ദേഹം സത്യവാചകം ചൊല്ലി ചുമതലയേറ്റത്. നിറഞ്ഞ കരഘോഷത്തോടെയാണ് പ്രവർത്തകർ നാട്ടിലും രാജ്യതലസ്ഥാനത്തും സത്യപ്രതിജ്ഞ ആവേശമാക്കി മാറ്റിയത്.
ഏത് വകുപ്പാണ് കൈകാര്യം ചെയ്യുകയെന്ന് സംബന്ധിച്ച വിവരം പിന്നീടാകും പുറത്തുവരിക. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫോൺ വിളിയെ തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സുരേഷ് ഗോപി ഡൽഹിയിലേക്ക് തിരിച്ചത്. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മാതാവ് ജ്ഞാന ലക്ഷ്മിയമ്മ, മകൾ ഭാഗ്യ സുരേഷ്, മരുമകൻ ശ്രേയസ് എന്നിവരും രാഷ്ട്രപതി ഭവനിൽ എത്തിയിട്ടുണ്ട്.
75,000 വോട്ടിലേറെ നേടിയാണ് സുരേഷ് ഗോപി കേരളത്തിൽ ആദ്യമായി താമര വിരിയിച്ചത്. ചടങ്ങിനോടനുബന്ധിച്ച് കേരളമെമ്പാടും വലിയ ആഘോഷമാണ് നടക്കുന്നത്. മധുര വിതരണവും പടക്കം പൊട്ടിച്ചും തൃശൂർ ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഹ്ലാദപ്രകടനങ്ങളുമായി പ്രവർത്തകർ ആഘോഷം കൊഴുപ്പിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group