ന്യൂഡൽഹി: അപ്രതീക്ഷിത തിരിച്ചടികൾക്കിടെ, എൻ.ഡി.എയുടെ നേതൃത്വത്തിൽ മൂന്നാമതും പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി ചുമതലയേറ്റു. ഇതോടെ, തുടർച്ചയായി മൂന്നുതവണ പ്രധാനമന്ത്രിയായ രണ്ടാമത്തെ ഇന്ത്യക്കാരനെന്ന റെക്കോർഡ് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനൊപ്പം പങ്കിടാൻ മോഡിക്കുമായി.
രാഷ്ട്രപതി ഭവനിൽ എണ്ണായിരത്തോളം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ, നിറഞ്ഞ സദസ്സിലായിരുന്നു മോഡിയുടെ സത്യപ്രതിജ്ഞ. വലിയ കരഘോഷങ്ങളും മോഡി വിളികളും നിറഞ്ഞുനിന്ന സദസ്സിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ പുരോഗമിക്കുകയാണ്.
രണ്ടാമതായി മുതിർന്ന ബി.ജെ.പി നേതാവ് രാജ്‌നാഥ് സിങ്ങും മൂന്നാമതായി അമിത് ഷായും നാലാമനായി നിതിൻ കട്കരിയും ജനതാദൾ എസ് നേതാവും കർണ്ണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി അടക്കമുള്ളവർ സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങ് തുടരുകയാണ്.
കേരളത്തിൽ നിന്നും നടൻ സുരേഷ് ഗോപിയും ജോർജ് കുര്യനും മന്ത്രിസഭയിൽ ഉണ്ടാകുമെന്നാണ് വിവരം. വിവിധ വിദേശ രാജ്യങ്ങളുടെ തലവന്മാർ ഉൾപ്പെടെ പങ്കെടുക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ബോളിവുഡ് താരം ഷാരൂഖ് ഖാനും തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്തും എത്തിയിട്ടുണ്ട്.
അതിനിടെ, എൻ.സി.പി അജിത് പവാർ വിഭാഗത്തിന് കാബിനറ്റ് പദവി ലഭിക്കാത്തതിനാൽ പ്രഫുൽ പട്ടേൽ മൂന്നാം മോഡി സർക്കാറിന്റെ ഭാഗമായിട്ടില്ല. കാബിനറ്റ് പദവി ലഭിക്കുന്ന മുറക്കേ എൻ.സി.പി മോഡി സർക്കാറിന്റെ ഭാഗമാകൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേപോലെ, മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖരൻ സത്യപ്രതിജ്ഞ ചടങ്ങിന് തൊട്ടുമുമ്പായി പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചത് രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഘടകകക്ഷികളുടെ അതൃപ്തിക്കൊപ്പം സംഘപരിവാർ കേന്ദ്രങ്ങളിൽനിന്നു തന്നെ തുടക്കത്തിൽ ഇവ്വിധം കല്ലുകടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ല.
സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്തെങ്കിലും പ്രതിപക്ഷത്തെ പല നേതാക്കളും എത്തിയിട്ടില്ല. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി ഭരണഘടനാ വിരുദ്ധമായും ജനാധിപത്യ വിരുദ്ധമായും രൂപീകരിക്കപ്പെടുന്ന ഒരു സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രതികരിച്ചിരുന്നു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരും ക്ഷണം നിരസിച്ചതായി നേരത്തെ അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group