റിയാദ്- വാഹനങ്ങളുടെ പരിശോധന പ്രക്രിയ രേഖപ്പെടുത്താനും നിയമലംഘനങ്ങള്‍ നിരീക്ഷിക്കാനും സാധിക്കുന്ന റിയാലിറ്റി കണ്ണടകള്‍ ജനറല്‍ അതോറിറ്റി ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് പുറത്തിറക്കി. ആറു സെകന്റിനകം ഡാറ്റകള്‍ കണ്‍ട്രോള്‍ റൂമിലേക്ക് അയക്കാന്‍ സാധിക്കുന്ന ഈ കണ്ണടകള്‍ ഈ ഹജ് സീസണില്‍ മക്കയില്‍ ഉപയോഗിക്കും.
കഴിഞ്ഞ ഹജ് സീസണില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ കണ്ണടകള്‍ നടപ്പാക്കിയിരുന്നു. മക്കയിലും മദീനയിലും പുണ്യ നഗരങ്ങളിലും ഹാജിമാരുടെ യാത്രാസേവനങ്ങളുടെ ഗുണനിലവാരം നിരീക്ഷിക്കുന്നതിലും മാദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനും ഈ കണ്ണടകള്‍ പ്രയോജനപ്രദമാകും. ഈ വെര്‍ച്വല്‍ കണ്ണടകള്‍ ധരിച്ച് നമ്പര്‍ പ്ലേറ്റുകള്‍ നിരീക്ഷിച്ചാല്‍ വാഹനത്തിന്റെ മുഴുവന്‍ വിവരങ്ങളും ലഭ്യമാകും.
ആറു സെകന്റിനുള്ളില്‍ കണ്‍ട്രോള്‍ റൂമിലേക്ക് അയക്കും. വാഹനഉടമക്ക് വാഹനത്തിന്റെ നിയമലംഘനവും പിഴ സംഖ്യയും വൈകാതെയെത്തും.നേരത്തെ ഒരു വാഹനം പരിശോധിക്കാന്‍ ഒരു മിനുട്ട് ആയിരുന്നു എടുത്തിരുന്നത്. ഹാജിമാര്‍ക്ക് ആശ്വാസത്തോടെ സുഖകരമായി ഹജ് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കുന്നതിനും മികച്ച അനുഭവം ലഭ്യമാക്കുന്നതിനുമാണ് ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതെന്ന് അതോറിറ്റി അറിയിച്ചു.