ന്യൂഡൽഹി / ആലപ്പുഴ: ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുമ്പോഴും പാർട്ടി അണികളിൽ ആഴത്തിൽ സ്വാധീനമുള്ള ബി.ജെ.പിയിലെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രനെ ഡൽഹിക്കു വിളിപ്പിച്ച് പാർട്ടി കേന്ദ്ര നേതൃത്വം.
ഞായറാഴ്ച (നാളെ) ഡൽഹിയിലെത്താനാണ് കേന്ദ്ര നേതാക്കളുടെ നിർദേശം. സംഘടനാതലത്തിൽ ശോഭയ്ക്ക് പദവി നൽകുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാനാണ് കേന്ദ്ര നേതൃത്വം വിളിപ്പിച്ചതെന്നാണ് വിവരം. ഇനി കെ സുരേന്ദ്രനെ രാജ്യസഭയിലേക്ക് പരിഗണിക്കുന്നതുപോലെ ശോഭയെയും പരിഗണിച്ചേക്കുമോ എന്നും സംശയമുണ്ട്. എന്തായാലും ശോഭയെ കൈയൊഴിയാനാവില്ലെന്നും അവർ കരുത്തു തെളിയിച്ചുവെന്നും കേന്ദ്ര നേതൃത്വത്തിന് കൂടുതൽ ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് വിളിപ്പിച്ചതെന്നാണ് ശോഭയെ പിന്തുണയ്ക്കുന്നവർ പറയുന്നത്.
പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റായ ശോഭയെ ഒതുക്കാൻ പല ശ്രമങ്ങൾ പാർട്ടിയിലുണ്ടായിരുന്നു. ഇതേ തുടർന്ന് പ്രസിഡന്റ് കെ സുരേന്ദ്രനുമായ ശക്തമായ ശീതസമരത്തിലായിരുന്നു അവർ. അപ്പോഴും പാർട്ടി പ്രവർത്തകരിൽ അവർ വലിയ സ്വീകാര്യത നേടിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റിൽനിന്ന് മാറ്റി പാർട്ടി ആലപ്പുഴയിൽ മത്സരിപ്പിച്ചതും വാർത്തയായിരുന്നു. ഇവിടെ ശോഭക്കു കാര്യമായ ചലനമുണ്ടാക്കാൻ കഴിയില്ലെന്നായിരുന്നു ശോഭയെ കണ്ണിലെ കരടായി കാണുന്ന വിഭാഗത്തിന്റെ കണക്കുകൂട്ടൽ.
എന്നാൽ, ആലപ്പുഴയിൽ തിളക്കമാർന്ന മുന്നേറ്റമാണ് ശോഭ കാഴ്ചവെച്ചത്. ഒരു ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് ലീഡ് ചെയ്യാൻ വരെ അവർക്കു സാധിക്കുകയുമുണ്ടായി. ശോഭയുടെ വ്യക്തിപ്രഭാവം പാർട്ടി അണികളിൽ ഇടിച്ചുതാഴ്ത്താൻവരെ ചില ബി.ജെ.പി നേതാക്കൾ ശ്രമിച്ചെങ്കിലും ശോഭ വൻ വോട്ടാണ് ഇവിടെ സമാഹരിച്ചത്. ഇത് ശോഭാ വിരുദ്ധ കേന്ദ്രങ്ങളെ അടക്കം അമ്പരപ്പിച്ചിട്ടുണ്ട്.
ആലപ്പുഴയിൽ 63,513 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ സി.പി.എമ്മിലെ എ.എം ആരിഫിനെ തറപറ്റിച്ചത്. ഇവിടെ 2019-ൽ ബി.ജെ.പി നേടിയ 1,87,729 വോട്ടിൽനിന്ന് 2,99,648 വോട്ടായി ഉയർത്താൻ ശോഭയ്ക്ക് സാധിച്ചത് പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിപ്പിച്ചിട്ടുണ്ട്.
ലോകസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ കേന്ദ്രത്തിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ ബി.ജെ.പിക്കായില്ലെങ്കിലും കേരളത്തിൽ തകർപ്പൻ നേട്ടമുണ്ടാക്കാനായത് പാർട്ടിയെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. ഈ നേട്ടം ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പിലും പിന്നാലെയുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള കരുക്കളാണ് നേതൃത്വം ലക്ഷ്യമിടുന്നത്.