ന്യൂഡൽഹി: ലോകസഭയിൽ മൂന്നക്ക സംഖ്യയിലെത്തി കോൺഗ്രസ്. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ സ്വതന്ത്രനായി മത്സരിച്ചു തിളക്കമാർന്ന വിജയം നേടിയ വിശാൽ പാട്ടീൽ എം.പി ആണ് പിന്തുണക്കത്ത് കൈമാറി കോൺഗ്രസിന് കരുത്ത് പകർന്നത്. കോൺഗ്രസിനെ പിന്തുണയ്ക്കുന്ന കത്ത് വിശാൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കൈമാറി. ഇതിന് പിന്നാലെ വിശാലിനെ സ്വാഗതം ചെയ്ത് ഖാർഗെ എക്‌സിൽ ഫോട്ടോ പോസ്റ്റ് ചെയ്തു.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി വസന്ത്ദാദ പാട്ടീലിന്റെ പേരക്കുട്ടിയാണ് വിശാൽ പാട്ടീൽ. മഹാവികാസ് അഘാഡി സഖ്യത്തിലെ ധാരണപ്രകാരം സാംഗ്ലി മണ്ഡലം ശിവസേന ഉദ്ധവ് വിഭാഗത്തിന് നൽകാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് വിശാൽ സ്വതന്ത്രനായി മത്സരിച്ചത്. ഒരുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിശാൽ ബി.ജെ.പിയുടെ സിറ്റിങ് എം.പി സഞ്ജയ് കാക പാട്ടീലിനെ തോൽപ്പിച്ചത്.
ഇവിടെ ഇന്ത്യാ മുന്നണിയുടെ ഘടകക്ഷിയായ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം സ്ഥാനാർത്ഥി ചന്ദ്രഹാർ പാട്ടീലിന് 60,115 വോട്ടുകളാണ് ലഭിച്ചത്. വിശാലിന് 5,71,666 വോട്ട് ലഭിച്ചപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥിക്ക് 4,71, 613 വോട്ടും ലഭിക്കുകയുണ്ടായി.
നിലവിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ലോകസഭയിൽ എത്തിയത് 99 എം.പിമാരാണുള്ളത്. വിശാൽ കൂടി എത്തിയതോടെ കോൺഗ്രസിന്റെ അംഗസഖ്യ 100 ആകും. പ്രതിപക്ഷത്തിരിക്കുമ്പോഴും സ്വതന്ത്രരായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാർ കോൺഗ്രസിൽ എത്തുന്നത് പാർട്ടിക്കും ഇന്ത്യാ മുന്നണിക്കും പുതു പ്രതീക്ഷയാണ് നൽകുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.