ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹലും ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയും ജൂൺ ഒൻപതിന് ദേശീയ തലസ്ഥാനത്ത് എത്തും.
ലോക്സഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ സഖ്യത്തിന്റെ വിജയത്തെ നേപ്പാൾ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. ഇതിനു പിന്നാലെ ബുധനാഴ്ച വൈകുന്നേരം പ്രധാനമന്ത്രി മോദി, പുഷ്പ കമാൽ ദഹലിനെ ടെലിഫോണിൽ വിളിക്കുകയും സത്യപ്രതിജ്ഞ ചടങ്ങിലേയ്ക്ക് ക്ഷണിക്കുകയുമായിരുന്നു.
മോദിയുടെ ക്ഷണം സ്വീകരിച്ച പുഷ്പ കമാൽ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. ഇക്കാര്യത്തിൽ ഉടൻ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ റനിൽ വിക്രമസിംഗെയും മോദിയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. തുടർന്നാണ് മോദി റനിൽ വിക്രമസിംഗെയും ചടങ്ങിലേയ്ക്ക് ക്ഷണിച്ചത്.
അതേസമയം, പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ന് ധാക്കയിൽ നിന്ന് പുറപ്പെടും.