ഹൈദരാബാദ്: ഈനാട് എംഡിയും രാമോജി ഫിലിം സിറ്റി സ്ഥാപകനുമായ രാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്നു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആന്ധ്രയുടെ രാഷ്ട്രീയ, മാധ്യമ രംഗത്ത് നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് രാമോജി. ഈനാട്, ഇടിവി അടക്കമുള്ള വൻകിട മാധ്യമ സ്ഥലനങ്ങളുടെ ഉടമ കൂടിയാണ് അദ്ദേഹം. നിർമാതാവ്, വിദ്യാഭ്യാസ, പത്രപ്രവർത്തകൻ, മാധ്യമ സംരംഭകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ്.
മാർഗദർശി ചിറ്റ് ഫണ്ട്, ഈനാട് ന്യൂസ്പേപ്പർ, ഇടിവി നെറ്റ്വർക്ക്, രമാദേവി പബ്ലിക് സ്കൂൾ, പ്രിയ ഫുഡ്സ്, കലാഞ്ജലി, ഉഷാകിരൺ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ്, ഡോൾഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് എന്നിവയാണ് രാമോജി റാവുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ.
തെലുങ്ക് സിനിമയിൽ നാല് ഫിലിംഫെയർ അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയിൽ നൽകിയ സംഭാവനകൾക്ക് 2016 ൽ പത്മവിഭൂഷണ്‍ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.