വാക്ക് വാളിനേക്കാൾ മൂർച്ചയുള്ളതാണെന്ന് പറയുന്നത്. ആയുധപ്പയറ്റിനേക്കാൾ വാക്പയറ്റാണ് ഒരാൾ സ്വായത്തമാക്കേണ്ടത്.
“കസ്തൂരി ദീപങ്ങളാകട്ടെ വാക്കുകൾ
കസ്തൂരിപോലെ മണക്കട്ടെ വാക്കുകൾ”
കവിയുടെ ഭാവന പോലെ വാക്കുകൾ വെളിച്ചവും സുഗന്ധപൂരിതവുമാകണം. ആശയ വിനിമയത്തിലൂടെ ആളുകളെ അകറ്റാനല്ല ആകർഷിക്കാനാണ് കഴിയേണ്ടത്. വ്യക്തിപരവും തൊഴിൽപരവുമായ വിജയത്തിനുള്ള അടിസ്ഥാന നൈപുണ്യമാണ് ആശയവിനിമയം. ഉദ്യോഗാർത്ഥിക്കുള്ള നൈപുണ്യത്തിൽ പ്രഥമവും പ്രധാനമായും പരിഗണിക്കുന്നതാണ് “കമ്യൂണിക്കേഷൻ സ്കിൽ”.
ആര്, ആരോട്, എപ്പോൾ, എന്ത്, എങ്ങനെ പറയണം എന്ന അറിവും പ്രാപ്തിയും നേടലാണ് ആശയവിനിമയ വിജയ രഹസ്യം. ഇതിൻ്റെ അഭാവം കൊണ്ടാണ് പലപ്പോഴും പിണക്കം പൊട്ടിപ്പുറപ്പെടുന്നതും പ്രമോഷൻ തടയപ്പെടുന്നതും.
ഞാൻ ആര് എന്നതല്ല കേൾവിക്കാരൻ ആര് എന്നതിലാണ് കാര്യം. നമുക്ക് അറിവും അധ്വാനിക്കാൻ ആരോഗ്യവുമുണ്ടെങ്കിലും ആശയവിനിമയ കഴിവില്ലെങ്കിൽ മറ്റ് കഴിവുകൾ അപ്രസക്തമാകും.
പുരോഗതിയുടെ ആദ്യപടി അഴകാർന്ന ആശയവിനിമയമാണ്. വ്യക്തി ജീവിതത്തിൽ വാക്കുകളിൽ നർമ്മവവും ഔദ്യോഗിക ജീവിതത്തിൽ മർമ്മവുമാണ് പ്രധാനം. ചുരുങ്ങിയ വാക്കിലും വരിയിലും കാര്യങ്ങൾ അവതരിപ്പിക്കുന്നതിനെ അപാര കഴിവായി കണക്കാക്കുന്നവരാണ് നമ്മൾ. മറ്റുള്ളവരുടെ കഴിവിലെ കൗതുകം ആസ്വദിച്ചിരിക്കാതെ അത്തരം കഴിവുകൾ സ്വന്തമാക്കാനുള്ള കഠിനശ്രമം നമ്മളും നടത്തികൊണ്ടിരിക്കണം.
ആരും ജനിച്ച് വരുമ്പോൾ വൈഭവങ്ങളുമായല്ല വരാറുള്ളത്. എല്ലാം വളർത്തിയെടുക്കുന്നതാണ്. സ്വന്തം വ്യക്തിത്വം ഉയരത്തിലെത്തിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഒരാളുടെ പ്രതിഭ പ്രകാശമാനമാക്കാൻ അയാൾ തന്നെ യത്നിക്കണം. കുടുംബവും കൂട്ടുകാരും ബോസും സഹപ്രവർത്തകരും തുടങ്ങി. എല്ലാവരും തിരക്കിലാണ്. കേട്ടുകൊണ്ടിരിക്കാൻ ആർക്കും സമയമില്ല. അതതൊട്ടും ഇഷ്ടവുമില്ല. ഒരു വാക്കിൽ നിങ്ങളുടെ കാര്യമൊതുക്കാൻ കഴിഞ്ഞാൽ അതാണ് മിടുക്ക്.
ആശയ വിനിമയത്തിൽ പാലിക്കേണ്ട പ്രധാനമര്യാദ ഹ്രസ്വമായിരിക്കുക” എന്നതാണ്.
Brievity is the soul of Wisdom- (ഹ്രസ്വതയാണ് വിവേകത്തിൻ്റെ ആത്മാവ്). “അമിത സംസാരം കൊണ്ട് ആശയവിനിമയം സാദ്ധ്യമാകുന്നില്ല. കുറച്ച് സംസാരിക്കൂ കൂടുതൽ ആശയ വിനിമയം നടത്തൂ ” [Shiv khera]
നിരന്തരവായനയിലൂടെ സുന്ദരമായ പദസമ്പത്ത് വർദ്ധിപ്പിക്കാനും ആശയങ്ങളെ ഏതാനും വാക്കുകളിലേക്ക് ചുരുക്കുന്ന വിദ്യ സ്വായത്തമാക്കാനും കഴിയും.
എല്ലാ അറിവുകളും എങ്ങനെ നേടിയെടുക്കുമെന്ന് ചിന്തിക്കുന്നതിനേക്കാൾ നേടിയ അറിവ് എങ്ങനെ പ്രായോഗികമാക്കാം എന്നറിവാണ് പ്രധാനം അതിന് ആശയ വിനിമയ ശേഷി തന്നെവേണം. ആശയ വിനിമയത്തിൽ വാക്കോളം പ്രധാനമാണ് നോക്കും. കണ്ണിലേക്ക് നോക്കിയാണ് സംസാരിക്കേണ്ടത്. നമ്മുടെ ആർജ്ജവവും ആർദ്രതയും കണ്ണിലാണ് കുടികൊള്ളുന്നത്. വാക്കുകൾക്ക് മുമ്പേ വികാരങ്ങൾ അപരനിലേക്ക് പ്രസരിപ്പിക്കുന്ന കണ്ണി കണ്ണാണ്.