തൃശൂർ – കെ മുരളീധരന്റെ ദയനീയ തോൽവിയെ തുടർന്ന് തൃശൂർ കോൺഗ്രസിനകത്ത് ഉയർന്ന പ്രതിഷേധം ഒടുവിൽ കൂട്ടത്തല്ലിൽ എത്തി. തൃശൂർ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചു. വാക്കുതർക്കം കയ്യേറ്റത്തിലും ആക്രമണത്തിലും കലാശിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
കെ മുരളീധരൻ്റെ അനുയായിയെ കൈയ്യേറ്റം ചെയ്തെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഡിസിസി ഓഫീസിലെത്തിയ കെ മുരളീധരൻ അനുകൂലികളും ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂര്‍ അനുകൂലികളും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. പരസ്പരം വാഗ്വാദങ്ങളും പോർവിളികളും രൂക്ഷമാവുകയും ഇതിനിടെ പ്രവർത്തകർ തമ്മിലടിക്കുകയും പലരും കഴുത്തിന് കുത്തിപ്പിടിച്ച് ചവിട്ടാൻ ശ്രമിക്കുകയും ചെയ്തു.
കോൺഗ്രസ് നേതാക്കളും മറ്റു പ്രവർത്തകരും ഇവരെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
വെള്ളിയാഴ്ച വൈകിട്ട് ഡിസിസി സെക്രട്ടറിയും ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുരളീധരന്റെ അടുത്ത സഹായിയുമായിരുന്ന സജീവൻ കുരിയച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയതിന് പിന്നാലെയായിരുന്നു സംഭവം. തന്നെ ഡിസിസി പ്രസിഡണ്ടും കൂട്ടരും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നാരോപിച്ച് ഡിസിസി ഓഫീസിൻ്റെ താഴത്തെ നിലയിൽ സജീവൻ കുരിയച്ചിറ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതിഷേധമിരുന്നു. സജീവൻ ഡിസിസി ഓഫീസിൽ പ്രതിഷേധിക്കുന്നത് അറിഞ്ഞാണ് കോൺഗ്രസ് പ്രവര്‍ത്തകരായ കെ മുരളീധരൻ അനുകൂലികൾ സംഘടിച്ചെത്തിയത്. ഇതിനുശേഷമായിരുന്നു സംഘർഷം ഉടലെടുത്തത്.
തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയിൽ ചേരിപ്പോരിന് കളമൊരുക്കിയത്. ഇക്കഴിഞ്ഞ 3 ദിവസങ്ങളായി തൃശൂർ ഡിസിസി നേതൃത്വത്തിനും ടി എൻ പ്രതാപൻ, ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ, അനിൽ അക്കര, എംപി വിൻസന്റ്, ഐ പി പ്പോൾ എന്നിവർക്കെതിരെ പോസ്റ്റർ പ്രതിഷേധം തുടരുകയാണ്.
ഇസ്മയൽ അറക്കൽ എന്ന പ്രവർത്തകൻ മുരളിയുടെ ചിത്രവും പ്ലക്കാർഡുമായി കഴിഞ്ഞദിവസം ഡിസിസി ഓഫീസിനു മുന്നിൽ പരസ്യമായി പ്രതിഷേധ ഉപവാസം നടത്തുകയും ചെയ്തിരുന്നു.
തൃശൂർ ലോക്സഭാ മണ്ഡലത്തിലും തൃശൂർ ജില്ലാ ഉൾപ്പെടുന്ന ആലത്തൂർ മണ്ഡലത്തിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടിരുന്നു.
തൃശൂരിൽ തന്നെ കുരുതി കൊടുക്കുകയായിരുന്നുവെന്ന മുരളീധരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മുരളി അനുകൂലികൾ കടുത്ത പ്രതിഷേധവുമായി നേതൃത്വത്തിനെതിരെ രംഗത്തിറങ്ങുകയായിരുന്നു.
സംസ്ഥാനത്തെ 20 ലോക്സഭാ സീറ്റുകളിൽ 18 സീറ്റുകളും യുഡിഎഫ് നേടിയപ്പോൾ ആലത്തൂരിലും തൃശൂരിലും മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്.
മുരളിയുടെ പരാജയത്തിന് ഉത്തരവാദികളായ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ രാജിവെക്കണമെന്നും ടി എൻ പ്രതാപന് ഇനി ഒരു വാർഡിൽ പോലും സീറ്റ് നൽകരുതെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
വരൻ ദിവസങ്ങളിൽ തൃശൂർ കോൺഗ്രസിൽ തമ്മിലടിയുടെ പൂരമായിരിക്കുമെന്നാണ് ഇപ്പോഴത്തെ സൂചന.