‘ഇടത്തേക്ക് ഇൻഡിക്കേറ്ററിട്ട് വലത്തോട്ട് വണ്ടിയോടിച്ചാൽ അപകടമുണ്ടാകും. രോഗം ആഴത്തിലുള്ളതാണ്. ഇപ്പോഴുണ്ടായത് ശക്തമായ ഭരണവിരുദ്ധ വികാരം. സി.പി.എം എത്ര നിഷേധിക്കാൻ ശ്രമിച്ചാലും അതൊരു യാഥാർത്ഥ്യമാണ്. തെറ്റ് തിരുത്തിയില്ലെങ്കിൽ ബംഗാളും ത്രിപുരയും ആവർത്തിക്കും. രാഹുൽഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും ബി.ജെ.പിയെക്കാളുപരി കോൺഗ്രസിനെ വർഗശത്രുവായിക്കണ്ട് എതിർക്കാനും സി.പി.എം തയ്യാറായത് മതേതര വിശ്വാസികളിൽ സി.പി.എമ്മിനോടുള്ള സംശയം വർധിപ്പിച്ചുവെന്നും ഗീവർഗീസ് കൂറിലോസ്.
തിരുവനന്തപുരം – ഇടതുപക്ഷത്തെ ബാധിച്ച രോഗം ആഴത്തിലുള്ളതാണെന്നും അതിനാൽ ചികിത്സയും ആഴത്തിൽ തന്നെ വേണമെന്നും ഇടതുപക്ഷം ‘ഇടത്തു’ തന്നെ നിൽക്കണമെന്നും യാക്കോബായ സഭ നിരണം മുൻ ഭദ്രാസന മെത്രാപ്പോലീത്ത മാർ ഗീവർഗീസ് കൂറിലോസ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽനിന്ന് സി.പി.എമ്മും ഇടതു കക്ഷികളും പാഠം പഠിക്കണം. അല്ലെങ്കിൽ ഗുരുതര പ്രത്യാഘാതമായിരിക്കും ഫലമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
തിരിച്ചടികൾ എന്തുകൊണ്ടാണെന്നു സി.പി.എമ്മും ഇടതു കക്ഷികളും മനസിലാക്കണം. അതിൽനിന്ന് പാഠം ഉൾക്കൊള്ളാൻ സാധിച്ചില്ലെങ്കിൽ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
‘ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ തകർച്ചയുടെ പ്രധാന കാരണങ്ങളിൽ ഒന്ന് നിലവിലുള്ള അതിശക്തമായ ഭരണവിരുദ്ധ വികാരമാണ്. സി.പി.എം എത്ര നിഷേധിക്കാൻ ശ്രമിച്ചാലും അത് ഒരു യാഥാർത്ഥ്യമാണ്. സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കമില്ലായ്മ, ധൂർത്ത്, വളരെ മോശമായ പോലീസ് നയങ്ങൾ, മാധ്യമ വേട്ട, സഹകരണ ബാങ്കുകളിൽ ഉൾപ്പെടെ നടന്ന അഴിമതികൾ, പെൻഷൻ മുടങ്ങിയത് അടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങൾ, വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐയുടെ അക്രമാസക്ത രാഷ്ട്രീയം, വിമർശനങ്ങളോടുള്ള അസഹിഷ്ണുത, മത സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങൾ, വലതുവല്ക്കരണ നയങ്ങൾ, തുടങ്ങിയ നിരവധി കാരണങ്ങൾ ഈ തോലൽവിക്ക് നിദാനമാണ്.
ഫാസിസത്തിനെതിരേ ധീരമായി പോരാടിയ രാഹുൽഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും ബി.ജെ.പിയെക്കാളുപരി കോൺഗ്രസിനെ വർഗശത്രുവായിക്കണ്ട് എതിർക്കാനും സി.പി.എം തയ്യാറായത് മതേതര വിശ്വാസികളിൽ സി.പി.എമ്മിനോടുള്ള സംശയം വർധിപ്പിച്ചുവെന്നും അത് ഇനിയും തുടർന്നാൽ മതേതര പാർട്ടിയെന്ന ലേബൽ സി.പി.എമ്മിന് പൂർണമായും നഷ്ടമാകും. ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് രണ്ടാം സർക്കാരിന്റെ നിലവാരത്തകർച്ച ഈ തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്.
ധാർഷ്ട്യവും ധൂർത്തും ഇനിയും തുടർന്നാൽ ഇതിലും വലിയ തിരിച്ചടികൾ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല. ‘കിറ്റ് രാഷ്ട്രീയത്തിൽ’ ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല, പ്രത്യേകിച്ച് കേരളത്തിൽ-കൂറിലോസ് വ്യക്തമാക്കി.
തെറ്റുകൾ തരുത്തുമെന്ന ഇടതു നേതൃത്വത്തിന്റെ പ്രഖ്യാപനം സ്വാഗതാർഹമാണ്. പക്ഷേ അത് തൊലിപ്പുറത്തുള്ള തിരുത്തലാവരുത്. രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തിലൽ തന്നെ ഇറങ്ങണം. ഇടതുപക്ഷം ‘ഇടത്ത്’ തന്നെ നിൽക്കണം. ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാൽ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തുകയുമില്ല- കേരള കൗൺസിൽ ഓഫ് ചർച്ച് മുൻ പ്രസിഡന്റ് കൂടിയായ മാർ ഗീവർഗീസ് കൂറിലോസ് വ്യക്തമാക്കി.