റിയാദ് – ഫിലിപ്പിനോ സയാമിസ് ഇരട്ടകളായ അക്കീസയെയും ആയിശയെയും വേര്‍പ്പെടുത്താനുള്ള അതിസങ്കീര്‍ണമായ ശാസ്ത്രക്രിയക്ക് റിയാദില്‍ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ തുടക്കമായി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശാനുസരണം റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്തുന്നത്.
ആറു മാസം പ്രായമുള്ള അക്കീസക്കും ആയിശക്കും കൂടി ആകെ 18 കിലോ തൂക്കമാണുള്ളതെന്ന് ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു. മെയ് അഞ്ചിനാണ് കുട്ടികളും മാതാപിതാക്കളും റിയാദിലെത്തിയത്. നെഞ്ചിന്റെ അടിഭാഗവും വയറും കരളും ഒട്ടിപ്പിടിച്ച നിലയിലുള്ള കുട്ടികളുടെ കുടലുകളും പരസ്പരം ഒട്ടിപ്പിടിച്ച നിലയിലാകാന്‍ സാധ്യതയുണ്ട്. ഇരുവര്‍ക്കും പൂര്‍ണ വളര്‍ച്ചയെത്തിയ കൈകാലുകളുണ്ട്. ഏഴര മണിക്കൂറെടുത്ത് അഞ്ചു ഘട്ടങ്ങളായി നടത്തുന്ന ശസ്ത്രക്രിയയുടെ വിജയസാധ്യത 70 ശതമാനത്തിലേറെയാണ്. കണ്‍സള്‍ട്ടന്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ര്‍മാരും നഴ്‌സുമാരും ടെക്‌നീഷ്യന്മാരും അടക്കം 23 അംഗ മെഡിക്കല്‍ സംഘം ഓപ്പറേഷനില്‍ പങ്കാളിത്തം വഹിക്കുന്നു.
സൗദി അറേബ്യയില്‍ വെച്ച് ഓപ്പറേഷനിലൂടെ വേര്‍പ്പെടുത്തുന്ന ഫിലിപ്പൈന്‍സില്‍ നിന്നുള്ള രണ്ടാമത്തെ സയാമിസ് ഇരട്ടകളാണിവര്‍. സയാമിസ് ഇരട്ടകള്‍ക്ക് സൗദിയില്‍ നടത്തുന്ന 61-ാമത്തെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയയാണിത്. വേര്‍പ്പെടുത്തല്‍ സാധ്യത വിലയിരുത്താന്‍ 33 വര്‍ഷത്തിനിടെ 26 രാജ്യങ്ങളില്‍ നിന്നുള്ള 136 സയാമിസ് ഇരട്ടകളുടെ കേസുകള്‍ സൗദി മെഡിക്കല്‍ സംഘം പരിശോധിച്ചിട്ടുണ്ടെന്നും ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.