തിങ്കളാഴ്ച രാത്രി എല്ലാവരുടെയും പോലെ ആശങ്ക നിറഞ്ഞതായിരുന്നു എനിക്കും. ചൊവ്വാഴ്ച രാവിലെ മുതൽ ഇലക്ഷൻ റിസൽട്ടും കണ്ട് ഇരിക്കണമെന്ന് ആഗ്രഹിച്ചതാണ്. അതിരാവിലെ ഓഫീസിൽ നിന്നും വിളിവന്നു. ബോസിന്റെ കൂടെയുള്ള മീറ്റിംഗാണ്. ഒഴിയാനാവില്ല. തെരഞ്ഞെടുപ്പു ഫലമായിരുന്നു മനസ്സിനുള്ളിൽ, അതുകൊണ്ടുതന്നെ മീറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല, അതു മനസ്സിലായ ബോസ്സ് ചോദിച്ചു, എന്താ സുഖമില്ലേ, അതോ മോഡി വിജയിക്കുമെന്ന പേടിയോ..?
ഞാൻ പറഞ്ഞു, മോഡിയുടെ കാലം കഴിഞ്ഞു,ഇനി രാഹുൽ ഗാന്ധിയുടെ കാലം തുടങ്ങുന്നു. ശേഷം ഓടിയെത്തി ടീവിക്കു മുന്നിലിരുന്നു, അപ്പോഴേക്കും ആദ്യ മണിക്കൂറിലെ ട്രൻഡ് മാറിയിരുന്നു. കോൺഗ്രസ്സ് മുക്തഭാരതമെന്നു പറഞ്ഞ, ഏകക്ഷി ഭരണത്തിന്റെ അഹന്ത ബാധിച്ച ബി.ജെ.പിക്കും നരേന്ദ്രമോദിക്കും എതിരായ വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പ്.
ഇങ്ങനെ ഒരു ജനവിധി ഇത്ര പെട്ടെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് മനസ്സ് ശാന്തമായി. എൻ.ഡി.എ ഭരണത്തിൽ തിരിച്ചുവരുമോ, ഇന്ത്യ മുന്നണി ഭരണം നേടുമോ എന്നതൊന്നുമല്ല കാര്യം, നമ്മുടെ ജനാധിപത്യം വിജയം വരിച്ചുവെന്നത് ഈ ഇലക്ഷൻ ഫലം നൽകിയ ഏറ്റവും വലിയ സന്തോഷമാണ്.
ഇന്ത്യാ മുന്നണിയെ രാജ്യത്തെ ജനത വിശ്വാസത്തിലെടുത്തു. ഇന്ത്യാ മുന്നണിക്ക് അധികാരം കിട്ടിയില്ല എന്ന് തന്നെ വിചാരിക്കുക.. അപ്പോഴും ജനാധിപത്യ വിശ്വാസികൾ എന്ന നിലക്ക് നമുക്ക് അഭിമാനിക്കാനുള്ള ഒട്ടേറെ കാര്യങ്ങളുണ്ട് ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്..
ഇന്ത്യയുടെ ഉള്ളടക്കം വർഗീയമല്ല എന്നതാണ്. അതുതന്നെ യു.പി പോലൊരു സംസ്ഥാനം തെളിയിച്ചു എന്നതാണ്. ഗാന്ധിയും നെഹ്രുവും അംബേദ്കറും ആസാദും ഖാഇദേ മില്ലത്തുമടക്കമുള്ള ഇന്ത്യയെ സൃഷ്ടിച്ചവർ ആ കരുത്തു നൽകിയാണ് കടന്നുപോയത്. ആ ഇന്ത്യയെ വീണ്ടെടുക്കാൻ ഉള്ള ശ്രമം വിജയിച്ചു തുടങ്ങി എന്നതാണ് ഈ ഫലം തരുന്ന വലിയ ആഹ്ലാദം..
“ഇന്ത്യ” യുടെ ശില്പികൾക്ക് അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ!
എന്റെ പ്രിയപ്പെട്ട മൂന്നു നേതാക്കൾ ചരിത്ര വിജയം നേടിയെന്നതും ഏറെ അഭിമാനത്തിനു വക നൽകുന്നു. ഇ.ടിയും സമദാനിയും നവാസ് ഗനിയും ഇതുവരെ ഇല്ലാത്ത ഭൂരിപക്ഷത്തോടെയാണ് പാർലമെന്റിലെത്തുന്നത്. മുസ്ലിം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാൻ പലരും പലതരത്തിലുള്ള കൈകോർക്കലുകൾ നടത്തിയ തെരഞ്ഞെടുപ്പായിരുന്നു.
കേരളത്തിലെ മതസംഘടനകളിൽ ചിലതിനെവരെ അതിനു ലീഗുവിരുദ്ധർ കരുവാക്കി. എന്നാൽ മലബാറിലെ മുസ്ലിം സാമാന്യ ജനത്തെ അതൊന്നും ബാധിച്ചില്ല എന്നു വ്യക്തമായി. ഈയുള്ളവന്റെ ഒരു പഴയ ലേഖനം എടുത്തുപോലും ഈ കുൽസിത പ്രവർത്തനം അവർ നടത്തിയിരുന്നു. അവർക്കൊന്നും പോറലേല്പിക്കാൻ ആവുന്നതല്ല മുസ്ലിം ലീഗിന്റെയും സമസ്തയുടെയും ഐക്യമെന്ന് വ്യക്തമായി. ഇങ്ങനെ പല കാരണങ്ങളാൽ ഈ ഇലക്ഷൻ ഫലം നൽകുന്ന മനസ്സമാധാനം വളരെ വലുതാണ്.
രാഹുൽ ഗാന്ധി ഇന്ത്യയുടെ അനിഷേധ്യ നേതാവായിരിക്കുന്നു. ഈ ഇലക്ഷൻ അതിന്റെ സാക്ഷ്യമാണ്. ജീവിതകാലത്ത് കാണാൻ കഴിയില്ലെന്ന് കരുതിയ കാര്യമാണ്. രാഹുലിന്റെ സഹനവും ക്ഷമയും സന്നദ്ധതയും രാജ്യം തിരിച്ചറിഞ്ഞു. രാഹുൽ ഇന്ത്യയാകെ നടന്നത് ഫലം കണ്ടു. സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധി എവിടെയാണോ അവിടെയാണ് ഇന്ത്യയയുടെ ആത്മാവ് എന്നു പറയപ്പെട്ടിരുന്നു. ഇന്ന് രാഹുൽ ഗാന്ധി എവിടെയാണോ അവിടേക്ക് ജനഹിതം വന്നുതുടങ്ങി. വേഷംകെട്ടും ഗിമ്മിക്കുകളുമില്ലാതെ സത്യസന്ധവും സ്വതസിദ്ധവുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ഒരാളെ നമുക്ക് രാഹുലിൽ കാണാം. വളഞ്ഞവഴികൾ തിരസ്കരിക്കുന്ന ഒരു രാഷ്ട്രീയ നേതാവ്. അതൊരു അതിശയമാണ്. രാഹുൽ ഗാന്ധിയെ ഇന്ത്യ ഒരു പട്ടാഭിഷേകവുമില്ലാതെ രാജ്യത്തിന്റെ നായകനായി പുൽകുന്ന ഒരു കാലം വരും. ഇന്നലെ നാം കണ്ടുതുടങ്ങിയത് ആ കാലത്തിന്റെ തുടക്കമാണ്.