ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയവുമായി ബന്ധപ്പെട്ട് നുറങ്ങുവർത്തമാനവുമായി എഴുത്തുകാരൻ ഷാജഹാൻ മാടമ്പാട്ട്. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം
- ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ ഏറ്റവും സന്തോഷിക്കേണ്ട കൂട്ടർ താഴെ പറയുന്നവർ:
എ. സദ്ഗുരു അടക്കം എല്ലാ ആൾദൈവങ്ങളും. അവരുടെ സ്‌പേസിലേക്ക് പരമാത്മാവിന്റെ പ്രത്യേകസ്ഥാനം അവകാശപ്പെട്ടു കയറാൻ മോദി നടത്തിയ ശ്രമം പരാജയപ്പെട്ടു!
ബി. രാജ്‌നാഥ് സിംഗും നിതിൻ ഗട്കരിയുമടക്കം കഴിഞ്ഞ പത്തുകൊല്ലം വിധേയനിലെ ഗോപകുമാറിനെപ്പോലെ പഞ്ചപുച്ഛമടക്കി തൊഴുതു നിന്ന ബിജെപി നേതാക്കൾ. അവർക്കിനി വിനഷ്ടമാനം വീണ്ടെടുക്കാം. വളഞ്ഞ നട്ടെല്ല് നിവർത്താൻ ശ്രമിക്കാം. (ഫിസിയോ തെറാപ്പി വേണമോ ആയുർവ്വേദം വേണമോ എന്നതവരുടെ ഇഷ്ടം)
സി. പേടിച്ചരണ്ട് വൃത്തികേടുകൾ ചെയ്യാൻ നിർബന്ധിതരായ അന്വേഷണഉദ്യോഗസ്ഥന്മാർ.
ഡി. യഥാർത്ഥ ശ്രീരാമഭക്‌തരും ഹിന്ദുമതവിശ്വാസികളും. - രമ്യ ഹരിദാസിന്റെ പരാജയം സന്തോഷമുണ്ടാക്കുന്നു. സുരേഷ് ഗോപിയുടെ വിജയം അതിന്റെ പതിന്മടങ്ങ് ദുഖവും.
- സ്വേച്ഛാധിപത്യവാസന പ്രദർശിപ്പിച്ച എല്ലാവരെയും വോട്ടർമാർ തള്ളി. (മോദി, കേജ്‌രിവാൾ, ജഗൻ റെഡ്ഢി, പിണറായി, യോഗി ആദിത്യനാഥ്). മമതയും ഈ പട്ടികയിൽ പെടാഞ്ഞത് ബംഗാളിൽ വേറെ ബദലിന്റെ അഭാവം മൂലമാവാം.
- പരമാത്മദൂതനെ നായിഡുവും നിതീഷും കൈവിട്ടില്ലെങ്കിൽ വേതാളത്തിന്റെ രണ്ടുതോളിലും വിക്രമാദിത്യന്മാർ, കൈവിട്ടാൽ വേതാളം പാതാളത്തിൽ. രണ്ടായാലും കോമിക് റിലീഫ് ഉറപ്പ്!
- എ എ പിയുടെ തോൽവി സന്തോഷപ്രദം. കലാപത്തിൽ ദൽഹി എരിഞ്ഞപ്പോൾ മൗനം പാലിച്ച കേജ്‌രിവാൾ അർഹിക്കുന്നത് തന്നെ. അയാൾക്ക് കിട്ടേണ്ട സഹതാപം കോൺഗ്രസ്സിനുള്ള വോട്ടായി മാറിയത് കാവ്യനീതി!
- കനയ്യയുടെ തോൽവിയിൽ ദുഃഖം
- ചന്ദ്രശേഖർ ആസാദിന്റെ സാന്നിധ്യം പാർലിമെന്റിൽ തീ പടർത്തും. ഒറ്റയാന്റെ പോരാട്ടങ്ങൾക്ക് പോരാട്ടവീര്യത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾക്ക് ആകാക്ഷയോടെ കാത്തിരിക്കുന്നു.
- സിപിഎം അതിന്റെ പാർലിമെന്റിലെ സാന്നിധ്യം ഉറപ്പുവരുത്തിയത് കോൺഗ്രസ്സ് പിന്തുണകൊണ്ട് മാത്രം. അതും കാവ്യനീതി!
- ശശി തരൂർ പാർലിമെന്റിൽ ഉണ്ടാവുമെന്നത് ആഹ്ലാദകരം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group