എക്‌സിറ്റ്‌പോൾ കണക്ക് പിഴച്ചതിൽ ചാനൽ ലൈവിനിടെ കണ്ണുനീർ വാർത്ത് ആക്‌സിസ് മൈ ഇന്ത്യ തലവൻ പ്രദീപ് ഗുപ്ത. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മോഡി സർക്കാർ മൃഗീയ ഭൂരിപക്ഷത്തോടെ മൂന്നാമൂഴം തികയ്ക്കുമെന്ന എക്‌സിറ്റ് പോൾ പ്രവചനം അമ്പേ പാളിയതിന് പിന്നാലെയാണ് പ്രദീപ് ഗുപ്ത സ്റ്റുഡിയോ ചർച്ചയ്ക്കിടെ സങ്കടപ്പെട്ട് കണ്ണു തുടച്ചത്.
രാജ്യം ഭരിക്കാൻ കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണവശ്യം. സീറ്റുനിലയിൽ ഇപ്പോഴും എൻ.ഡി.എ സഖ്യം തന്നെയാണ് മുമ്പിലെങ്കിലും കേവല ഭൂരിപക്ഷത്തിനുള്ള സീറ്റ് നില നേടാൻ ബി.ജെ.പിക്ക് ഒറ്റയ്ക്ക് സാധിച്ചിട്ടില്ല. ഇന്ത്യാ സഖ്യത്തിനും ഒറ്റയ്ക്ക് അധികാരത്തിലെത്താനുള്ള സീറ്റ് ലഭ്യമായില്ലെങ്കിലും എൻ.ഡി.എ സഖ്യത്തിലുള്ള ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയെയും നേരത്തെ ഇന്ത്യാ മുന്നണി വിട്ട ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ്‌കുമാറിനെയും കൂടെക്കൂട്ടിയാൽ അധികാരത്തിലെത്താനുള്ള സാധ്യതയുണ്ട്. അതിനായി ചില നീക്കങ്ങൾ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും എൻ.സി.പി അധ്യക്ഷനുമായ ശരത് പവാറിന്റെയും തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിന്റെയും നേതൃത്വത്തിൽ അണിയറിയിൽ നടക്കുന്നുണ്ട്. ഇതേപോലെ ഇവരെ കൂടെ ഉറപ്പിച്ചുനിർത്താൻ നരേന്ദ്ര മോഡിയും അമിത് ഷായും മറുനീക്കങ്ങളും നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തന്റെ പ്രവചനം പാളിയതിനെത്തുടർന്ന് പ്രവചന ഭീമനായ ആക്‌സിസ് മൈ ഇന്ത്യയുടെ പ്രദീപ് ഗുപ്ത ചാനൽ ലൈവിനിടെ പൊട്ടിക്കരഞ്ഞത്.
നിലവിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം 291 സീറ്റിൽ ലീഡ് ചെയ്യുമ്പോൾ 234 സീറ്റിലാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിയുടെ മുന്നേറ്റം. മറ്റുള്ളവർ 18 സീറ്റിലും ലീഡ് ചെയ്യുന്നു. ആക്‌സിസ് മൈ ഇന്ത്യ, ഇന്ത്യ ടുഡേ ഉൾപ്പെടെ രാജ്യത്തെ ഏറെക്കുറെ എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളും ബി.ജെ.പിക്ക് തകർപ്പൻ ലീഡ് പ്രവചിച്ചിരുന്നു. എൻ.ഡി.എ 350 മുതൽ 400-ലേറെ സീറ്റുകൾ നേടി മോഡി ഏകപക്ഷീയ വിജയം ആവർത്തിക്കുമെന്നായിരുന്നു ഇവരെല്ലാം നിസ്സംശയം പ്രവചിച്ചിരുന്നത്. ഇതിന്നപവാദമായി 295 സീറ്റുകളുമായി ഇന്ത്യാ മുന്നണി അധികാരത്തിലെത്തുമെന്ന് ഛത്തിസ്ഗഢിൽനിന്നുള്ള ഡി.വൈ ചാനൽ പ്രവചനം മാത്രമാണുണ്ടായിരുന്നത്. പ്രസ്തുത പ്രവചനത്തിലേക്ക് പൂർണമായും ഇന്ത്യാ മുന്നണി എത്തിയില്ലെങ്കിലും രാജ്യത്തെ മതനിരപേക്ഷ കക്ഷികളിൽ കൂടുതൽ പ്രതീക്ഷ നൽകുന്ന വിജയമാണ് കോൺഗസ്-എസ്.പി-ഡി.എം.കെ-എൻ.സി.പി-എ.എ.പി-ശിവസേന ഉദ്ധവ് താക്കറെ പക്ഷം കുട്ടുകെട്ടിൽ ഇന്ത്യ സഖ്യം കാഴ്ചവെച്ചത്. ഇത് ബി.ജെ.പി കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്.
ബീഹാറിലും കർണാടകയിലും ഡൽഹിയിലുമുള്ള ഇന്ത്യ സഖ്യത്തിന്റെ കൂട്ടുകെട്ട്കൂടി പ്രതീക്ഷിച്ച രീതിയിൽ എത്തിയിരുന്നെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു. അതിനിടെ, നിതീഷ്‌കുമാറിനെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി രംഗത്തുവന്നതും ഇന്ത്യ മുന്നണി സജീവമായി പരിഗണിച്ചേക്കുമെന്നാണ് സൂചനകൾ. അധികാരത്തിനായി ഏത് രാഷ്ട്രീയ ചാഞ്ചാട്ടത്തിനും മടിക്കാത്ത നിതീഷിന്റെ തുടർനീക്കങ്ങൾ ഏതുവിധത്തിലാകുമെന്ന് കണ്ടറിയുക തന്നെ വേണം. എന്തായാലും, കൃത്യമായ രാഷ്ട്രീയ നയതന്ത്രങ്ങളിലൂടെ ബി.ജെ.പി നീക്കങ്ങളുടെ മുനയൊടുക്കാൻ ഇന്ത്യാ മുന്നണിയുടെ നീക്കങ്ങൾക്കായാൽ അത് രാജ്യത്ത് വൻ ചരിത്രമാകും. അതിന് സാധിക്കുമോ ഇല്ലയോ എന്നത് ഇന്ദ്രപ്രസ്ഥത്തിൽ ഇനി നടക്കാനിരിക്കുന്ന തുടർ കരുനീക്കങ്ങളെ ആശ്രയിച്ചിരിക്കും.