ആലപ്പുഴ : കെ സി വേണുഗോപാലിന്റെ വ്യക്തിപ്രഭാവത്തിൽ ആലപ്പുഴയിലെ കനലണഞ്ഞു. 2019ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ഏക വിജയിയായിരുന്നു അഡ്വ. എ.എം ആരിഫ്.
ആരിഫ് ഇടതുപക്ഷത്തിന്റെ കനലാണെന്നും ഇത്തവണ അത് ആളിക്കത്തി മറ്റ് സീറ്റുകളും പിടിക്കുമെന്ന മുന്നണിയുടെ പ്രതീക്ഷകൾക്കുമേലാണ് വെള്ളം വീണിരിക്കുന്നത്. യു.ഡി.എഫിലെ സ്റ്റാർ സ്ഥാനാർഥി എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള കെ.സി വേണുഗോപാലിനുമുന്നിൽ സിറ്റിംഗ് എംപി ആരിഫിന് കാലിടറിയിരിക്കുന്നു. കഴിഞ്ഞ തവണ എണ്ണായിരത്തിൽപ്പരം വോട്ടുകൾക്കാണ് ആരിഫ് വിജയിച്ചതെങ്കിൽ കെ സി വേണുഗോപാൽ ഇതുവരെ അരലക്ഷത്തിൽപ്പരം വോട്ടിന്റെ ലീഡ് നേടിക്കഴിഞ്ഞു. ഇവിടെ ആരിഫിന് പ്രഹരമായത് ബിജെപിയിലെ ശോഭാ സുരേന്ദ്രൻ പിടിച്ച വോട്ടുകളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 186013 വോട്ടാണ് ബിജെപി നേടിയതെങ്കിൽ, ഇത്തവണ ശോഭാ സുരേന്ദ്രൻ ഇതുവരെ 288516 വോട്ട് നേടിക്കഴിഞ്ഞു. കഴിഞ്ഞ തവണത്തേക്കാൾ ഒരു ലക്ഷത്തിലധികം വോട്ട് ശോഭയ്ക്ക് പിടിക്കാനായി. എക്കാലവും സി പി എമ്മിനൊപ്പം നിന്ന ആലപ്പുഴയിലെ ഈഴവ സമുദായത്തിന്റെ വോട്ട് ഇത്തവണ ബി ജെ പിയിലേക്ക് ഒഴുകിയെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇത് സിപി എമ്മിനും ആരിഫിന് കനത്ത തിരിച്ചടിയായി. തെരഞ്ഞെടുപ്പ് ദിവസം തന്നെ ഈഴവ സമുദായത്തിന്റെ ബിജെപി അനുകൂല നിലപാട് പ്രകടമായിരുന്നു. വോട്ടെടുപ്പിനുശേഷം എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശൻ ശോഭ സുരേന്ദ്രന് അനുകൂലമായി പ്രസ്താവന നടത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും സിപിഎം സ്ഥാനാർഥി എ എം ആരിഫ് ഭൂരിപക്ഷത്തിലേക്ക് എത്തിയില്ല. എന്നാൽ, വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ കെ സി വേണുഗോപാലിനെയും മറികടന്ന് മുന്നിലെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group