തിരുവനന്തപുരം – കേരളത്തിൽ യു.ഡി.എഫ് തരംഗത്തിനൊപ്പം എൽ.ഡി.എഫും ബി.ജെ.പിയും ഒപ്പത്തിനൊപ്പം. ആകെയുള്ള 20 സീറ്റിൽ 18 സീറ്റിൽ യു.ഡി.എഫ് ലീഡ് ചെയ്യുമ്പോൾ ഒരോ സീറ്റിൽ എൽ.ഡി.എഫും എൻ.ഡി.എയും ലീഡ് ചെയ്യുന്നു.
തൃശൂരിൽ നടൻ സുരേഷ് ഗോപിയിലൂടെ എൻ.ഡി.എ മുന്നേറ്റം തുടരുമ്പോൾ ആലത്തൂരിൽ മന്ത്രി കെ രാധകൃഷ്ണനിലൂടെ എൽ.ഡി.എഫും കുതിപ്പ് തുടരുന്നു.
രാജ്യത്ത് എക്‌സിറ്റ് പോൾ പ്രചനങ്ങളെയെല്ലാം തള്ളിക്കളയും വിധം ബി.ജെ.പിക്ക് കടുത്ത പ്രഹരമുണ്ടായപ്പോൾ ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്ന നേട്ടങ്ങളുണ്ടായത് കേരളത്തിലാണെന്നതും ഞെട്ടിക്കുന്നതാണ്. സി.പി.എമ്മിന് കേരളത്തിൽ കാര്യമായ ചലനങ്ങളൊന്നുമുണ്ടാക്കാനായില്ലെങ്കിലും വരവ് അറിയിക്കാനായത് കോൺഗ്രസിനും ഇന്ത്യാ സഖ്യത്തിനുമൊപ്പം മത്സരിച്ച മണ്ഡലങ്ങളിൽ മാത്രമാണ്. രാജസ്ഥാനിലെ ഒരു സീറ്റിലും തമിഴ്‌നാട്ടിലെ രണ്ടു സീറ്റിലും ബിഹാറിലെ ഒരു സീറ്റിലുമാണിപ്പോൾ സി.പി.എം ലീഡ് ചെയ്യുന്നത്.
സി.പി.എം ദേശീയ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള സംഘത്തിനിത് വലിയൊരു നേട്ടവും ഊർജവുമാണ്. കോൺഗ്രസുമായുള്ള ദേശീയ തലത്തിലെ കൂട്ടിന് കഠിനാദ്ധ്വാനം ചെയ്യുമ്പോഴും കേരള ലോബിയിലെ ഒരു വിഭാഗം എന്നും അതിന് എതിരായിരുന്നു. പാർട്ടിക്ക് മഷിയിട്ട് നോക്കാൻ പോലും ദേശീയ തലത്തിൽ ആളില്ലാതിരുന്നിട്ടും ഇന്ത്യ സഖ്യത്തോടൊപ്പം മത്സരിച്ച സി.പി.എമ്മിന് അവിടെയെല്ലാം മികച്ച നേട്ടമുണ്ടാക്കാനായിട്ടും പാർട്ടി ഭരിക്കുന്ന കേരളത്തിൽ ഭീകരമായ തിരിച്ചടിയുണ്ടായത് സി.പി.എം സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് ഫലം പൊതുവെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ വികാരപ്രകടനവും കൂടിയാണ്. ഒപ്പം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് പുത്തൻ പ്രതീക്ഷയുമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group