ജിദ്ദ – സൗദിയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ അടക്കാത്തവരുടെ അക്കൗണ്ടുകളില്‍ നിന്ന് ട്രാഫിക് ഡയറക്ടറേറ്റ് നേരിട്ട് പിഴ തുക ഈടാക്കാന്‍ തുടങ്ങിയതായി വിവരം. അക്കൗണ്ടുകളിലെ പണം തടഞ്ഞുവെച്ച് പിഴ തുക ഈടാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതായി അറിയിച്ച് നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ട്രാഫിക് ഡയറക്ടറേറ്റില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചു.
ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉപയോക്താക്കള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഗതാഗത നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം നിശ്ചിത സമയത്ത് പിഴ തുക അടക്കാത്തവരുടെ അക്കൗണ്ടുകളിലെ പണം തടഞ്ഞുവെച്ച് പിഴ തുക ഈടാക്കുകയാണ് ചെയ്യുന്നത്. ഇങ്ങിനെ അക്കൗണ്ടുകളില്‍ നിന്ന് പിഴ തുക ഈടാക്കാന്‍ പുതിയ ട്രാഫിക് നിയമം അനുശാസിക്കുന്നു.
ഇതനുസരിച്ച് ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്തിയതില്‍ അപ്പീല്‍ നല്‍കാനുള്ള സമയവും പിഴ അടക്കാനുള്ള സാവകാശവും അവസാനിച്ചാലുടന്‍ നിയമ ലംഘകരുടെ അക്കൗണ്ടുകളില്‍ നിന്ന് പിഴ തുക പിടിക്കുകയാണ് ചെയ്യുക. പിഴ തുക അടക്കാനുള്ള 15 ദിവസത്തെ സാവകാശം അവസാനിക്കുകയും 90 ദിവസത്തെ അധിക സാവകാശം തേടി അപേക്ഷ സമര്‍പ്പിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിലും 90 ദിവസത്തെ അധിക സാവകാശം അവസാനിച്ച് 30 ദിവസം പിന്നിട്ട ശേഷവും പിഴ തുകയിലെ 25 ശതമാനം ഇളവ് നിയമ ലംഘകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയില്ല.