റിയാദ്- നിര്‍മിത ബുദ്ധി ഫലപ്രദമായി ഉപയോഗിച്ചാല്‍ തൊഴില്‍ വിപണിയില്‍ സാധ്യതകളേറെയുണ്ടെന്ന് എഐ വിദഗ്ധന്‍ എഞ്ചി. താരിഖ് ഖാലിദ്. മനുഷ്യ നൈപുണ്യത്തെ കൂടുതല്‍ കാര്യക്ഷമമായി വിനിയോഗിക്കാന്‍ നിര്‍മിത ബുദ്ധിക്കു കഴിയും. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വാര്‍ഷിക സംവാദ പരിപാടി ‘റിംഫ് ടോക്’ നാലാം പതിപ്പില്‍ ‘ജനറേറ്റീവ് എഐ ആന്റ് മീഡിയ’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
സൗദിയിലെ അല്‍ഉല ഉള്‍പ്പെടെ പൗരാണിക നഗരങ്ങള്‍ മോടിപിപ്പിക്കാന്‍ എഐ ഉപയോഗിച്ച് തയ്യാറാക്കിയ വിര്‍ച്വല്‍ റിയാലിറ്റി ദൃശ്യങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. വിവരങ്ങളുടെ വന്‍ശേഖരം വിശകലനം ചെയ്തു ആവശ്യമുളളത് തെരഞ്ഞെടുക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ സഹായിക്കുന്ന ടൂളുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സംഭാവനയാണ്. അതേസമയം, എഐ നേടിയ പരിശീലനം അടിസ്ഥാനമാക്കിയാകും ഫലവും പെരുമാറ്റവും ദൃശ്യമാവുക. ഇത് മുന്‍വിധിയോടെയുളള പ്രതികരണത്തിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യന്റെ എതിര്‍ ചേരിയില്‍ എത്ര ബുദ്ധിശാലിയായ സാങ്കേതിക വിദ്യ വന്നാലും അതിനെ മറികടക്കാനും തിരിച്ചറിയാനുമുളള ബുദ്ധിശക്തി മനുഷ്യനുണ്ട്. തൊഴില്‍ നഷ്ടത്തിനു പകരം തൊഴില്‍ ശാക്തീകരണമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമ്മാനിക്കുന്നതെന്നും പിഐഎഫിന് കീഴിലുളള ഇല്‍മ് കമ്പനി എഐ റിസര്‍ച് സെന്റര്‍ മാനേജര്‍ കൂടിയായ താരിഖ് ഖാലിദ് പറഞ്ഞു.
‘എഐസ്വകാര്യതയും സുതാര്യതയും’ എന്ന വിഷയം സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ എഞ്ചി. അമീന്‍ ഖാന്‍ അവതരിപ്പിച്ചു. ഒരു വ്യക്തിയുടെ രുപം മറ്റൊരാളുടെ സാദൃശ്യം ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിക്കുന്ന ഡീപ് ഫേക് വീഡിയോകള്‍ ഭാവിയില്‍ സുരക്ഷയെ ബാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിര്‍ച്വല്‍ കിഡ്‌നാപിംഗ് മറ്റൊരു ഭീഷണിയാണ്. മനുഷ്യരുടെ ശബ്ദവും ദൃശ്യവും സൃഷ്ടിച്ചു തട്ടിപ്പു നടത്താന്‍ ഇതുവഴി സാധ്യമാകും. അതുകൊണ്ടുതന്നെ സൈബര്‍ ലോകത്ത് ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. വ്യക്തിഗത തിരിച്ചറിയല്‍ വിവരങ്ങള്‍ കൈമാറുമ്പോള്‍ അതീവ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യന്റെ നിറംപോലും പക്ഷപാതപരമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടാണ് ചില ഐഐ ടൂളുകളില്‍ കറുത്തവരുടെ മുഖം തിരിച്ചറിയാന്‍ കഴിയുന്നില്ല. ജീവനില്ലാത്ത ഒന്നിനേയും അമിതമായി ആശ്രയിക്കാതിരിക്കുക എന്നതാണ് ഉത്തമമെന്നും അമീര്‍ ഖാന്‍ പറഞ്ഞു.
ശ്രോതാക്കളുമായി നടന്ന ചോദ്യോത്തര സെഷനില്‍ ഇസ്രായേല്‍ ഹമാസ് യുദ്ധത്തില്‍ നിര്‍മാത ബുദ്ധി ഉപയോഗിക്കുന്നതും സൈബര്‍ തട്ടിപ്പു സംഘങ്ങള്‍ എഐ ദുരുപയോഗിക്കുന്നതും ഉള്‍പ്പെടെ വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്തു.
സാംസ്‌കാരിക സമ്മേളനം സിറ്റി ഫഌര്‍ മാനേജിംഗ് ഡയറക്ടര്‍ ടിഎം അഹമദ് കോയ ഉദ്ഘാടനം ചെയ്തു. മീഡിയാ ഫോറം പ്രസിഡന്റ് നസ്‌റുദ്ദീന്‍ വിജെ അധ്യക്ഷത വഹിച്ചു. വിഷയം അവതരിപ്പിച്ച താരിഖ് ഖാലിദ്, അമീര്‍ ഖാന്‍ എന്നിവര്‍ക്ക് മീഡിയാ ഫോറം പ്രശംസാപത്രം സമ്മാനിച്ചു. അതിഥികളെ സുലൈമാന്‍ ഊരകം, ജയന്‍ കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്‍ എന്നിവര്‍ പുസ്തകങ്ങള്‍ സമ്മാനിച്ചു സ്വീകരിച്ചു. ശ്രോതാക്കളില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത ഷിഹാബ് കൊട്ടുകാട്, സലിം പളളിയില്‍, സലിം കളക്കര എന്നിവര്‍ക്കുളള ഉപഹാരം കനകലാല്‍, ഷമീര്‍ ബാബു, നാദിര്‍ഷ എന്നിവര്‍ സമ്മാനിച്ചു. സെക്രട്ടറി നാദിര്‍ഷ റഹ്മാന്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പളളി സ്വാഗതവും കോ ഓര്‍ഡിനേറ്റര്‍ ജലീല്‍ ആലപ്പുഴ നന്ദിയും പറഞ്ഞു.