ഷാർജ: ശൈഖ് സഈദ് ബിൻ ഹമദ് അൽ ഖാസിമിയും കുടുംബവും സുഹൃത്തുക്കളും പരിചയക്കാരും |തമ്മിൽ കൈമാറിയ അപൂർവ്വം കത്തുകളുടെ ശേഖരണത്തിന്റെ ആദ്യ പൊതു പ്രദർശനം ആരംഭിച്ചു.
ഖൽബയിലെ ചരിത്രപ്രസിദ്ധമായ ബൈത്ത് ശൈഖ് സഈദ് ബിൻ ഹമദ് അൽ ഖാസിമി മ്യൂസിയത്തിൽ ഷാർജ മ്യൂസിയംസ് അതോറിറ്റിയാണ് “ലെറ്റേഴ്സ് എക്സ്ചേഞ്ച്: കറസ്പോണ്ടൻ്റ്സ് ഓഫ് ശൈഖ് സഈദ് ആൻഡ് ഫാമിലി ” എന്ന പേരിൽ ഈ പ്രദർശനം ഒരുക്കിയിട്ടുള്ളത്.
125 വർഷം പഴക്കമുള്ള വീടായ ഈ മ്യൂസിയത്തിൽ ഖൽബയിലെ ഷാർജ ഭരണാധികാരിയുടെ ഓഫീസ് ഉപമേധാവി ഷെയ്ക്ക് ഹൈതം ബിൻ സഖർ അൽഖാസിമി പ്രദർശനം ഉദ്ഘാടനം ചെയ്തു.
ഷാർജ മ്യൂസിയം അതോറിറ്റി ഡയറക്ടർ ജനറൽ ഐഷ റാഷിദ് ദിമാസ്, അഹിയ ഖൽബ കൗൺസിൽ ചെയർമാൻ അബ്ദുള്ള ഖനിം അൽ സഅബി തുടങ്ങിയവർ സന്നിഹിതരായി.
കൽബ ഭരണാധികാരിയായിരുന്ന ശെയ്ഖ് സഈദ് ബിൻ ഹമദ് ബിൻ മാജിദ് ബിൻ സുൽത്താൻ അൽ ഖാസിമി, മകൾ ശൈഖ ഐഷ ബിൻത് സഈദിനും ബന്ധുവായ ശൈഖ ബിൻത് സൈഫ് അൽ അബ്ദുലുവിനും അയച്ച ഹൃദയസ്പർശിയായ സന്ദേശങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഷെയ്ക്ക് സഈദിന്റെ മാതാവും ശൈഖ ബിൻത് സൈഫ് അൽ അബ്ദുലിയുടെ അമ്മായിയുമായ ലത്തീഫ ബിൻത് അലി ബിൻ ദർവീശ്, ചെറുമകൾ ഐശ ബിൻത് സഈദിന് അയച്ച കത്തും പ്രദർശനത്തിലുണ്ട്.
ഈ പ്രത്യേക കത്ത് ഷാർജ പൈതൃകത്തിന്റെ മുഖമുദ്രയായ ശക്തമായ കുടുംബബന്ധങ്ങൾക്ക് ഊന്നൽ നൽകുന്നു. ഈ കത്തുകൾ അക്കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ വ്യവഹാരങ്ങളിൽ നിർണായ പങ്കുവഹിച്ചു. ദൃഢമായ കുടുംബബന്ധങ്ങൾ, പരസ്പര പരിചരണം, ബഹുമാനം എന്നിവയും ഇതിലൂടെ തുറന്ന് കാട്ടുന്നു. ഈ കത്തുകൾ കൂടാതെ സ്ത്രീകളുടെ വസ്ത്രങ്ങൾ ,വ്യക്തിഗത അലങ്കാര സാമഗ്രികൾ, വീട്ടുപകരണങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ട്. പ്രദർശനം ഡിസംബർ 31 വരെ നീണ്ടുനിൽക്കും.