കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്ക് കണ്ണൂരിൽ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.
ഒരു വിധ അനിഷ്ട സംഭവവും ഇല്ലാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ പോലീസിന്റെ നേതൃത്വത്തില്‍ ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സ്ഥാനാര്‍ഥികളും യോഗത്തില്‍ പങ്കെടുത്തു.
രാഷ്ടീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനങ്ങള്‍ ജൂണ്‍ നാലിന് രാത്രി ഒമ്പതിനു മുന്‍പായി അവസാനിപ്പിക്കാനും യോഗത്തില്‍ ധാരണയായി. പൊതുജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെയും റോഡ് ഗതാഗതത്തിന് തടസങ്ങള്‍ സൃഷ്ടിക്കാതെയും മാത്രമേ പ്രകടനങ്ങള്‍ നടത്താവൂ.
ആഹ്ലാദപ്രകടനങ്ങള്‍ ജില്ലയില്‍ പൊതുവില്‍ രാത്രി ഒമ്പത് വരെയാണ് അനുവദിക്കുക. എന്നാല്‍ പ്രശ്ന സാധ്യത സ്ഥലങ്ങളിലെ വിജയാഘോഷങ്ങളുടെ സമയ പരിധി ആവശ്യമെങ്കില്‍ പരിമിതപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.
ആഹ്ലാദപ്രകടനം നടത്തുന്നതിന് കൃത്യമായ വ്യവസ്ഥയും നിയന്ത്രണവും യോഗത്തില്‍ തീരുമാനിച്ചു. എതിര് പാര്‍ട്ടികളുടെ ഓഫീസുകള്‍ക്കോ നേതാക്കളുടെ വീടുകള്‍ക്കോ മുന്നില്‍ പ്രകോപനപരമായ പ്രകടനം നടത്താന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.