കണ്ണൂർ – സ്വർണ്ണക്കടത്തിനിത്തിനിടെ ക്യാബിൻ ക്രൂ പിടിയിലായിലായ കേസിൽ വഴിത്തിരിവ്. ഒരു എയർ ലൈൻസ് ജീവനക്കാരൻ കൂടി പിടിയിൽ. കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലിനെയാണ് ഡി. ആർ. ഐ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പിടിയിലായ ക്യാബിൻ ക്രൂ ബംഗാൾ സ്വദേശിനി സുരഭി ഖാത്തൂനിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാളെക്കുറിച്ച് സൂചന ലഭിച്ചത്.
സുഹൈൽ കഴിഞ്ഞ പത്തു വർഷമായി എയർ ഇന്ത്യ എക്സ്പ്രസിൽ ജീവനക്കാരനാണ്. സുരഭി ഖത്തൂൻ, 20 തവണ സ്വർണ്ണം കടത്തിയെന്നാണ് അന്വേഷണത്തിൽ ലഭിച്ച സൂചന. ഇവരെ സ്വർണ്ണം കടത്താൻ ഉപയോഗിച്ചത് സുഹൈലാണെന്നാണ് വിശദാന്വേഷണത്തിൽ ലഭിച്ച വിവരം.
മസ്ക്കറ്റിൽ നിന്ന് സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ കൊൽക്കത്ത സ്വദേശിയായ സുരബി ഖത്തൂൻ കഴിഞ്ഞ രാത്രി കണ്ണൂരിൽ ഡി. ആർ. ഐ യുടെ പിടിയിലായത്. 960 ഗ്രാം സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ സ്വർണ്ണക്കടത്ത് നടക്കുന്നത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നേരത്തെയും ഇവർ ഇത്തരത്തിൽ സ്വർണം കടത്തിയതായി പിന്നീട് നടന്ന പരിശോധനയിൽ കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വിശദാന്വേഷണം ആരംഭിച്ചു. സുരഭി കണ്ണൂരിലെ വനിതാ ജയിലിൽ റിമാന്റിലാണ്.